അനിശ്ചിതത്വങ്ങളുടെ നടുവിലേക്ക് വീണ്ടും ഒരു അധ്യയന വർഷം
text_fieldsകോട്ടയം: സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും നാളുകളായി പ്രഥമാധ്യാപകർ ഉന്നയിക്കുന്ന പല പ്രതിസന്ധികൾക്കും പരിഹാരമായില്ല. സർക്കാർ ഓഫിസുകൾക്കൊപ്പം വിദ്യാലയങ്ങളും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറിയെങ്കിലും മിക്ക സ്കൂളുകളും പ്രവർത്തിക്കുന്നത് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ.
കെ- ഫോൺ ഉടൻ വരും എന്നു പറഞ്ഞ് 2023 മാർച്ചിൽ സ്കൂളുകളിലെ ബി.എസ്.എൻ.എൽ കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും ഭൂരിഭാഗം സ്കൂളിലും കെ-ഫോൺ ലഭ്യമാക്കിയില്ലെന്നു മാത്രമല്ല പകരം സംവിധാനവും ഇല്ല. പ്രമോഷൻ, അഡ്മിഷൻ, ടി.സി വിതരണം എന്നിവ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇന്റർനെറ്റ് ഇല്ലാതെ പ്രതിസന്ധിയിലാണ് സ്കൂൾ അധികൃതർ.
ഉച്ചഭക്ഷണ വിതരണം പ്രഥമാധ്യാപകരുടെ മാത്രം ചുമതലയായിട്ട് വർഷങ്ങളായി. ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലേക്ക് ഒരു കുട്ടിക്ക് സർക്കാർ അനുവദിക്കുന്ന 40 രൂപയിൽ പാലിനും മുട്ടക്കും വേണ്ടി 23 രൂപ മാറ്റിവെച്ചു കഴിഞ്ഞാൽ ബാക്കി 17 രൂപ ഉപയോഗിച്ച് വേണം അഞ്ചുദിവസത്തെ ഊണിനുള്ള എല്ലാ ചെലവുകളും കണ്ടെത്താൻ. 2016ൽ നിശ്ചയിച്ച ഈ നിരക്ക് അനുസരിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യാൻ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടിട്ടും മുഖം തിരിച്ചു നിൽക്കുകയാണ് സർക്കാർ. ഈ തുക തന്നെ കൃത്യസമയത്ത് അനുവദിക്കുന്നുമില്ല.
ബാങ്ക് വായ്പ എടുത്തും ആഭരണങ്ങൾ പണയം െവച്ചും സഹപ്രവർത്തകരിൽനിന്ന് കടം വാങ്ങിയും മനസ്സമാധാനവും ആത്മാഭിമാനവും നഷ്ടപ്പെടുത്തിയാണ് പ്രഥമാധ്യാപകർ ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത്. എം.എൽ.എ, എം.പി ഫണ്ടുകളിൽനിന്ന് സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച സ്കൂൾ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, ടാക്സ് ഇനങ്ങളിലായും പ്രധാനാധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഈ ചെലവുകൾ കൈകാര്യം ചെയ്യാൻ സംവിധാനം ഒരുക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
സ്കൂൾ തുറക്കുന്നതിന് മുമ്പ് ചെയ്തുതീർക്കേണ്ട കെട്ടിടം അറ്റകുറ്റപ്പണികൾ, പെയിന്റിങ്, ഫർണിച്ചറുകളുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ ഫണ്ട് അനുവദിക്കാതെ സർക്കുലർ മാത്രം ഇറക്കി തടിതപ്പുന്ന സമീപനമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റേതെന്നും പ്രധാനാധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര നടപടി കൈക്കൊള്ളണം
അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ് സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിൽ, ഷീബ കെ. മാത്യു, എസ്.എസ്. ഷൈൻ, ആർ. ശ്രീജിത്ത്, കെ. രാജീവൻ, സി. ഉഷാദേവി, പി. അയച്ചാമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.