'ജനങ്ങളിലേക്ക് ഇറങ്ങിയില്ലെങ്കിൽ ഇനിയും തിരിച്ചടി'
text_fieldsതിരുവനന്തപുരം: കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷ നേതാവിെൻറ വിമര്‍ശനവും മുന്നറിയിപ്പും. താഴേത്തട്ടില്‍ എന്ത് നടക്കുന്നുവെന്ന് പലര്‍ക്കും അറിയില്ലെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകേണ്ടെന്ന മുന്നറിയിപ്പും നല്കി. തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയ ഹൈകമാന്‍ഡ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേർന്ന കെ.പി.സി.സി ഭാരവാഹിയോഗമായിരുന്നു വേദി.
നിയമസഭാ തെരഞ്ഞെടുപ്പ് യു.ഡി.എഫിന് ജീവന്മരണ പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചെങ്കില്‍ അത് കിറ്റ് കൊടുത്തിട്ടല്ല. അവര്‍ താഴേത്തട്ടില്‍ ഇറങ്ങിച്ചെന്ന് കൂടുതല്‍ പ്രചാരണം നടത്തി. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയണം. ഇല്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകും. ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത ഭാരവാഹികൾ സ്വയം ഒഴിയണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി പ്രചാരണം തുടങ്ങേണ്ട. താൻ ഉൾപ്പെടെ ആരൊക്കെ സ്ഥാനാർഥിയാകണമെന്ന് ഹൈകമാൻഡ് തീരുമാനിക്കും. വാർത്തകൾക്കായി മാധ്യമങ്ങൾ പലതും പറയും. അതിെലാന്നും ആരും വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വിരുദ്ധ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തിൽ വ്യക്തമാക്കി. ബി.ജെ.പിയും ആര്.എസ്.എസും ചേര്‍ന്ന് ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറുകളെ അട്ടിമറിക്കാനാണ് നീക്കം. ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിച്ചില്ല. കർണാടകയില്‍ സർക്കാറിനെ തകര്‍ത്തു. ജനങ്ങളുടെ പിന്തുണയോടെയാണ് രാജസ്ഥാനിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികളെ ചെറുത്തത്. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സര്‍ക്കാറുകളെ അട്ടിമറിക്കാണ് ഇപ്പോള്‍ ശ്രമം. എം.എല്‍.എമാര്‍ക്ക് കോടികള്‍ നല്‍കിയാണ് അട്ടിമറിക്കുന്നത്. കേരളത്തില്‍ ഇക്കുറി നമ്മുടെ ഊഴമാണ്. കോണ്‍ഗ്രസ് ജയിക്കാന്‍ പാടില്ലെന്ന് കണ്ടാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടെന്ന് ബി.ജെ.പിയും ഇടതുമുന്നണിയും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.