മോഡലുകളുടെ മരണം: രണ്ടാം ദിനവും ഡി.വി.ആർ കണ്ടെത്താനായില്ല
text_fieldsകൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരുടെ അപകടമരണവുമായി ബന്ധപ്പെട്ട് വേമ്പനാട്ടുകായലിൽ രണ്ടാം ദിനം നടത്തിയ തിരച്ചിലിലും ഡി.വി.ആറും ഹാൻഡ്ലിങ്ങും ലഭിച്ചില്ല. ഇടക്കൊച്ചി കണ്ണങ്കാട്ട്-വില്ലിങ്ടൺ ഐലൻഡ് പാലത്തിന് താഴെ വേമ്പനാട്ടുകായലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കേരള കോസ്റ്റൽ പൊലീസ് എന്നിവരുടെ മുങ്ങൽ വിദഗ്ധരാണ് ചൊവ്വാഴ്ച ഇറങ്ങിയത്. ഉച്ചക്കുശേഷം തുടങ്ങിയ ദൗത്യം വൈകീട്ട് അഞ്ചരവരെ നീണ്ടു. കേസിൽ നിർണായകമായ ഹാർഡ് ഡിസ്ക് കിട്ടില്ലെന്ന് ഉറപ്പായതോടെ മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിലേക്ക് എത്തുകയാണ് അന്വേഷണ സംഘം.
ജില്ല ക്രൈംബ്രാഞ്ചിെൻറ കീഴിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസിൽ തുടർനടപടി മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് നവംബർ ഒന്നിന് പുലർച്ച ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുംവഴിയാണ് മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടം നടന്നത്. ഇതിനുശേഷം ഹോട്ടലിലെ സി.സി ടി.വി കാമറകൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് ഡി.വി.ആറുകളിൽ ഒന്നാണ് കാണാതായത്. ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ട് ആവശ്യപ്പെട്ടത് പ്രകാരം തങ്ങൾ അത് കണ്ണങ്കാട്ട് പാലത്തിൽനിന്ന് കായലിൽ എറിഞ്ഞതായി ഹോട്ടൽ ജീവനക്കാരാണ് വെളിപ്പെടുത്തിയത്. ഇതേതുടർന്നാണ് തെളിവ് അന്വേഷിക്കുന്നതിെൻറ ഭാഗമായാണ് കായലിൽ തിരച്ചിൽ.
അതിനിടെ, ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരിൽനിന്ന് മൊഴിയെടുത്ത് ഡി.ജെ പാർട്ടി നടക്കുേമ്പാൾ മോഡലുകളുമായി ബന്ധപ്പെട്ട് ഹോട്ടലിൽ നടന്ന കാര്യങ്ങളുടെ ചുരുളഴിക്കാനായും അന്വേഷണ സംഘത്തിെൻറ നടപടി തുടരുകയാണ്. തെളിവ് നശിപ്പിച്ചെന്ന കേസിൽ എറണാകുളം പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത റോയിയും അഞ്ച് ഹോട്ടൽ ജീവനക്കാരും നിലവിൽ ജാമ്യത്തിലാണ്.
ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ഉന്നതരുടെ പേരുകൾ പുറത്തുവരാതിരിക്കാൻ നടത്തിയ നീക്കമാണ് ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതിലൂടെ വിജയിച്ചത്. കേസിലെ ദുരൂഹത കണ്ടെത്തണമെന്ന് മോഡലുകളുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതാണ് കേസ് അന്വേഷണത്തെ മുന്നോട്ടുനയിക്കുന്നത്.
അന്വേഷണം അന്തിമഘട്ടത്തിൽ -കമീഷണർ
കൊച്ചി: പാലാരിവട്ടം ബൈപാസിൽ കാർ അപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ അന്വേഷണം അന്തിമഘട്ടത്തിലെന്ന് കൊച്ചി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു. ഔഡി ഡ്രൈവർ സൈജുവിനെ വീണ്ടും ചോദ്യംചെയ്യും. ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു. ഹോട്ടലിലെ ഡി.വി.ആർ കണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ഒരു ഡി.വി.ആർ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും കമീഷണർ പറഞ്ഞു. ഹാർഡ് ഡിസ്കിന് വേണ്ടിയുള്ള തിരച്ചിൽ തുടരും. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഹാർഡ് ഡിസ്ക് നശിപ്പിച്ചതോടെയാണ് ദുരൂഹത വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.