കോളവിരുദ്ധ സമര പോരാളി കന്നിയമ്മ അന്തരിച്ചു
text_fieldsചിറ്റൂർ (പാലക്കാട്): കോളവിരുദ്ധ സമരപോരാളി കന്നിയമ്മ (90) അന്തരിച്ചു. കൊക്കകോളയെന്ന കുത്തകഭീമന്‍റെ കൂറ്റൻ മതിൽക്കെട്ടിന് മുന്നിൽ ജനകീയ പ്രതിരോധത്തിന്‍റെ കോട്ടയായി നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ഈ വയോധിക. പ്ലാച്ചിമടയിൽനിന്ന് തുടങ്ങി ഇന്ദ്രപ്രസ്ഥം വരെ നീണ്ട കോളവിരുദ്ധ സമരപോരാട്ടങ്ങളിൽ പ്രായത്തെയും ദാരിദ്ര്യത്തെയും അവഗണിച്ച് മുൻനിര പോരാളിയായി കന്നിയമ്മയുമുണ്ടായിരുന്നു.
സമരമെന്നതിലുപരി മനുഷ്യരുടെ നിലനിൽപിന്‍റെ പോരാട്ടമായാണ് കോളവിരുദ്ധ സമരത്തെ നിരക്ഷരയായ ഈ വീട്ടമ്മ കണ്ടത്. കോളക്കമ്പനിക്ക് മുന്നിൽ സമരപ്പന്തലിന്‍റെ ആദ്യകാൽ നാട്ടുമ്പോൾ മുതൽ സജീവമായി കന്നിയമ്മയുമുണ്ടായിരുന്നു. മയിലമ്മക്കുശേഷം പ്ലാച്ചിമട സമരത്തിന്‍റെ പ്രതീകമായി മാറി അവർ. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പാർലമെന്‍റ് മാർച്ചിന്‍റെ മുന്നണിയിലും കന്നിയമ്മയുണ്ടായിരുന്നു.
സമരസമിതി സംസ്ഥാനതലത്തിൽ നടത്തിയ ജലാധികാര യാത്രയിലും മറ്റ് പ്രക്ഷോഭങ്ങളിലും പ്രായം മറന്നും സാന്നിധ്യമായി. പുഴയും ജലവും സംരക്ഷിക്കാൻ കേരളത്തിൽ നടന്ന സമരങ്ങളിലെല്ലാം പ്ലാച്ചിമടയുടെ സമരവീര്യവുമായി കന്നിയമ്മയെത്തി.
രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ 2017ലെ സ്വാഭിമാൻ പുരസ്കാരത്തിന് അർഹയായി. ആഗോളീകരണത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്താണ് സ്വാഭിമാൻ പുരസ്കാരം കൈപ്പറ്റിയത്. കോളവിരുദ്ധ സമരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് പ്ലാച്ചിമടക്കാർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന സങ്കടത്തോടെയാണ് ജീവിത സമരപ്പന്തലിൽനിന്ന് കന്നിയമ്മ വിടവാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.