കുട്ടികളുടെ ജീവനെടുക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം നിർത്തണം: മന്ത്രി ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: ക്യാമ്പസിനു പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുൻകൈയിൽ ആസൂത്രിതവും സംഘടിതവുമായി നടന്ന ക്രൂരമായ കൊലപാതകമാണ് ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിൽ നടന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്തവിധം വേദനിപ്പിക്കുന്നതാണീ കൊലപാതകം. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണിത് നടന്നതെന്നത് തീർച്ചയാണ്.
ക്യാമ്പസുകളെ കൊലക്കളമാക്കുന്നത് ഇനിയും വച്ചുപൊറുപ്പിക്കാനാവില്ല. കൊലപാതകികൾക്ക് മാതൃകാപരമായിത്തന്നെയുള്ള ശിക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും ഉന്നതവിദ്യാഭ്യാസവകുപ്പിനുമുണ്ട്. ഒരു കലാലയത്തിലും ഇനി ഇത്തരമൊരു സംഭവം ആവർത്തിച്ചുകൂടാ. അതിനുള്ള ജാഗ്രതയും തുടർനടപടികളും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും.
വളരെ സമാധാനപരമായാണ് കോളജിൽ തെരഞ്ഞെടുപ്പുപ്രക്രിയ നടന്നത്. യാതൊരു സംഘർഷവും ഉണ്ടായിരുന്നില്ല. ഒരു വിദ്യാർത്ഥി കൊലചെയ്യപ്പെട്ടതിനൊപ്പം, ഒരു വിദ്യാർത്ഥി ഗുരുതരനിലയിലുമാണ്.
വലതുപക്ഷം കലാലയത്തിനകത്ത് അവരുടെ കാടത്തം ഒരിക്കൽക്കൂടി പുറത്തെടുത്തിരിക്കുന്നത് കേരളത്തെയാകെ നടുക്കുന്നു.അതിശക്തമായി കൊലപാതകത്തെയും അക്രമത്തെയും അപലപിക്കുന്നു. പുരോഗമന വിദ്യാർഥിപ്രസ്ഥാനത്തിലെ കുട്ടികളുടെ ജീവനെടുത്ത് സ്വന്തം ഇച്ഛാഭംഗങ്ങൾ തീർക്കുന്നതരം കാടത്തം കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയനേതൃത്വം അടിയന്തിരമായി അവസാനിപ്പിക്കണം.
സഖാവ് സെയ്‌താലിയുടെതു മുതൽ ആരംഭിച്ചതാണ് എസ്എഫ്ഐ പ്രവർത്തകരെ അരിഞ്ഞുതള്ളി വലതുപക്ഷം തുടരുന്ന ക്യാമ്പസ് കൊലപാതകപരമ്പര. ഇക്കാലംവരേക്കും ശുഭ്രപതാക താഴ്ത്തിക്കെട്ടി സങ്കടപ്പെട്ടു നിന്നതല്ലാതെ ഒരു വിദ്യാർത്ഥിയുടെയും പ്രസ്ഥാനത്തിനോ കുടുംബത്തിനോ എസ്എഫ്ഐ വേദന നൽകിയിട്ടില്ല എന്ന് കേരളം ഓർക്കും.
രക്തസാക്ഷിയായ ധീരജിന്റെ ജീവന്റെ വിലയും ധീരജിന്റെ കുടുംബത്തിനും സഹപാഠികൾക്കും സഹപ്രവർത്തകർക്കും വന്നുചേർന്നിരിക്കുന്ന വേദനയും നാട് ഒരിക്കലും മറക്കില്ല - മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.