‘കെ.കെ. ശൈലജ തോറ്റത് വോട്ട് മറിഞ്ഞതിനാൽ; തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പാർട്ടിവിരോധം’
text_fieldsമലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്ക് വോട്ട് കുറഞ്ഞത് ജനങ്ങൾക്കിടയിൽ പാർട്ടിവിരോധം കൂടിയതിനാലെന്ന് പി.വി. അൻവർ എം.എൽ.എ. ജനസമ്മതി ഏറെയുള്ള ശൈലജ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത മണ്ഡലങ്ങളിൽ നേരിടേണ്ടിവന്നതിലും വലിയ തോൽവിയാണ് അവിടെ പാർട്ടിക്ക് നേരിടേണ്ടിവന്നത്. അണികൾ ഉൾപ്പെടെ പാർട്ടിക്ക് എതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിൽ ഉൾപ്പെടെ വോട്ട് മറിഞ്ഞെന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പാർട്ടിവിരോധമാണെന്നും അൻവർ പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്‍റെ എതിർപ്പുണ്ടെന്നു കരുതി മിണ്ടാതിരിക്കില്ലെന്നും സാധാരണക്കാർക്കു വേണ്ടി പ്രതികരിക്കുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അൻവർ പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അതു നടക്കാറില്ല. പാർട്ടി സെക്രട്ടറിക്ക് അങ്ങനെ മാത്രമേ പറയാൻ സാധിക്കു. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും നായനാരുടെ കാലത്തും അത് പ്രാവർത്തികമായിരുന്നെന്നും അൻവർ പ്രതികരിച്ചു.
അൻവർ എൽ.ഡി.എഫിന് പുറത്താണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനക്ക് മറുപടിയായി, താൻ പുറത്തുപോയിട്ടില്ലെന്നും എന്നാൽ ജനപിന്തുണയുണ്ടെങ്കിൽ പുതിയ സംഘടന രൂപവത്കരിക്കുമെന്നും അൻവർ വ്യക്തമാക്കി. പുറത്താക്കിയെന്ന എം.വി. ഗോവിന്ദന്‍റെ പരാമർശത്തോടെ എല്ലാ പരിമിതികളും ഒഴിവായെന്നും ഇനി തീപ്പന്തമാകുമെന്നും അൻവർ പറഞ്ഞു. പാർട്ടി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ച യുവാക്കൾ, പാർട്ടിയിൽനിന്ന് അകലുകയാണെന്നും മുങ്ങാൻ പോകുന്ന കപ്പലാണ് സി.പി.എമ്മെന്നും അൻവർ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അവിഹിത ബാന്ധവം ശക്തമാണെന്ന ആരോപണം അൻവർ ആവർത്തിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന കാര്യം വ്യക്തമാക്കിയത്. അൻവറുമായി ഇനി പാർട്ടിക്ക് ബന്ധമില്ല. പരാതിക്ക് എല്ലാ പരിഗണന നൽകിയിട്ടും അൻവർ പരസ്യ ആരോപണം തുടർന്നു. സി.പി.എമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല. എൽ.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയതാണ്. പാർലമെന്‍ററി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല.
അൻവർ പ്രതിപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്നും ഗോവിന്ദൻ വിമർശിച്ചു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മിന്‍റെ സംഘടന രീതിയും നയവും അറിയില്ല. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചശേഷമാണ് പരാതി നൽകിയത്. അൻവർ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ല, പാർലമെന്‍ററി അംഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ആദ്യം പരാതിയുണ്ടായിരുന്നില്ല. പിന്നീടാണ് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കരുതെന്ന് പലതവണ ഓർമപ്പെടുത്തിയിട്ടും അൻവർ അച്ചടക്കം ലംഘിച്ചു. അൻവറിന്‍റെ പരാതി പരിശോധിക്കാതിരിക്കുകയോ, കേൾക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.