കൂറുമാറ്റ നിയമം: മതിയായ കാരണമുണ്ടെങ്കിൽവൈകിയ പരാതിയും പരിഗണിക്കാം -ഹൈകോടതി
text_fieldsകൊച്ചി: കൂറുമാറ്റ നിരോധന നിയമ പ്രകാരം പരാതി നൽകാൻ സമയപരിധിയുണ്ടെങ്കിലും മതിയായ കാരണമുണ്ടെങ്കിൽ വൈകിക്കിട്ടുന്ന പരാതിയും തെരഞ്ഞെടുപ്പ് കമീഷന് പരിഗണിക്കാമെന്ന് ഹൈകോടതി.
ആദ്യം നൽകിയ പരാതി പരാതിക്കാർ പിൻവലിച്ചാൽ ഉടൻ സമാനമായ പരാതി ലഭിച്ചാൽ സമയ പരിധിയിൽ ഇളവനുവദിക്കാൻ കമീഷന് കഴിയുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അടിമാലി പഞ്ചായത്തിലെ സി.പി.ഐ അംഗമായിരിക്കെ യു.ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റായ സനിത സജി നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
ഹരജിക്കാരി അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനെത്തുടർന്ന് സി.ഡി. ഷാജി, ഷെർളി മാത്യു എന്നീ പഞ്ചായത്ത് അംഗങ്ങൾ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി. പ്രസിഡന്റായി ഏഴുമാസത്തിനുശേഷം സനിത സി.പി.എമ്മിലെത്തിയതോടെ ആദ്യം പരാതി നൽകിയ രണ്ടുപേരും പിൻവലിച്ചു.
തൊട്ടുപിന്നാലെ 252 ദിവസം വൈകിയത് മാപ്പാക്കണമെന്ന അപേക്ഷ സഹിതം സി.പി.ഐ ജില്ല സെക്രട്ടറി സലിം കുമാറും മറ്റൊരു അംഗമായ സൗമ്യ അനിലും പരാതി നൽകി.
252 ദിവസം പരാതി വൈകിയെങ്കിലും ന്യായമായ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടി കാലതാമസം വകവെച്ചുനൽകിയ കമീഷൻ പരാതി പരിഗണിക്കാൻ തീരുമാനിച്ചു. ഇത് ചോദ്യം ചെയ്ത് സനിത സജി നൽകിയ ഹരജിയാണ് കോടതി തള്ളിയത്. ഉത്തരവിലെ നിരീക്ഷണങ്ങൾ പരിഗണിക്കാതെ കമീഷന് മുന്നിലുള്ള പരാതി തീർപ്പാക്കാനും കോടതി നിർദേശിച്ചു.
ഓന്തിന്റെ സ്വഭാവം ജനപ്രതിനിധിക്ക് ചേർന്നതല്ല
കൊച്ചി: ജയിപ്പിച്ചുവിട്ട പാർട്ടിക്കും മുന്നണിക്കുമൊപ്പം നിൽക്കാതെ മറുകണ്ടം ചാടുന്നത് കൂറുമാറ്റം മാത്രമല്ല, ജനാധിപത്യത്തിലെ അഴിമതി കൂടിയാണെന്ന് ഹൈകോടതി. ഓന്തിന്റെ സ്വഭാവം ജന പ്രതിനിധിക്ക് ചേർന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന അംഗം ആ മണ്ഡലത്തിലെ വോട്ടർമാരുടെ താൽപര്യം സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവരാണ്. ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമായോ സ്വതന്ത്രനായോ വിജയിച്ചശേഷം വീണ്ടും ജനവിധി തേടാതെ സീറ്റു നൽകിയ പാർട്ടിക്കെതിരെ നിലപാടെടുക്കാനാവില്ലെന്നാണ് കുറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥ. ആ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതിനിധിയും അവരുടെ ശബ്ദവുമായാണ് പ്രവർത്തിക്കേണ്ടത്. വോട്ടർമാരുടെ ആഗ്രഹത്തിന് എതിരുനിന്നുകൊണ്ട് തോന്നുംപടി ചെയ്യാനാവില്ല. എന്നാൽ, ജനാധിപത്യത്തിലെ ഈ തത്ത്വം സമീപകാലത്ത് പല ജനപ്രതിനിധികളും മറന്നു പോകുന്നതായും കോടതി ചൂണ്ടിക്കാട്ടി. അടിമാലി പഞ്ചായത്തിലെ കുറുമാറ്റവുമായി ബന്ധപ്പെട്ട ഹരജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.