സർക്കാർ ജീവനക്കാരുടെ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വനിതകൾക്ക് കുരുക്കാവും
text_fieldsകോഴിക്കോട്: സ്ത്രീധന വിരുദ്ധ നിയമം കർക്കശമാക്കുന്നതിെൻറ ഭാഗമായി സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം ഒപ്പിട്ടു നൽകണമെന്ന ഉത്തരവ് വനിതകളെ കുരുക്കിലാക്കുന്നതെന്ന് ആക്ഷേപം. സത്യവാങ്മൂലത്തിൽ ജീവനക്കാരെൻറ ഭാര്യയും ഭാര്യാ മാതാപിതാക്കളും ഒപ്പിടേണ്ടതുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇരുകുടുംബങ്ങളും ഒരിക്കലും പരസ്യപ്പെടുത്താറില്ല.
അതുകൊണ്ടുതന്നെ ജീവനക്കാരെൻറയും മകളുടെയും ഭാവി ഓർത്ത് മാതാപിതാക്കൾ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ നിർബന്ധിതരാകും. പക്ഷേ, ഭാവിയിൽ ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുണ്ടാകുേമ്പാൾ സ്ത്രീധനം വാങ്ങിയതിെൻറ പേരിൽ കേസ് കൊടുക്കാൻ കഴിയാത്ത വിധം സത്യവാങ്മൂലം കുരുക്കാവുമെന്നാണ് ആശങ്ക.
ഫയലിൽ സൂക്ഷിക്കുന്ന സത്യവാങ്മൂലത്തിെൻറ സർട്ടിഫൈഡ് കോപ്പിയെടുത്ത് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് വാദിക്കാൻ സർക്കാർ ജീവനക്കാരനായ ഭർത്താവിനാകും. നേരത്തെ നിയമത്തിലുണ്ടായിരുന്ന ഈ അപാകത പുതിയ സത്യവാങ്മൂലത്തിലും ആവർത്തിച്ചത് തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊല്ലത്ത് സർക്കാർ ജീവനക്കാരെൻറ പീഡനം കാരണം യുവതി മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നിർബന്ധമാക്കി മുഖ്യ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. സത്യവാങ്മൂലം വകുപ്പ് മേധാവികൾ വാങ്ങി സൂക്ഷിക്കുകയും ആറ് മാസത്തിലൊരിക്കൽ ജില്ല വനിത ശിശു വികസന ഓഫിസർക്ക് നൽകുകയും വേണമെന്നാണ് നിർദേശം.
ഇതുപ്രകാരം വിവിധ ജില്ലകളിലെ ഓഫിസ് മേധാവികൾ ജീവനക്കാർക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് ഭാര്യയും ഭാര്യാ മാതാപിതാക്കളും ഒപ്പിടാൻ ആവശ്യപ്പെടുന്നത്. ജീവനക്കാരെൻറ വിവാഹസമയത്ത് വധുവിന് നൽകിയ സാധനങ്ങളുടെ ലിസ്റ്റ് വധുവിെൻറ മാതാപിതാക്കളുടെ ഒപ്പുസഹിതം വാങ്ങി വകുപ്പ് മേധാവികൾ സൂക്ഷിക്കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു.
എന്നാൽ, ഇത്തരം കാര്യങ്ങൾ ഇരു കുടുംബങ്ങളുടെയും ധാരണപ്രകാരം പരസ്യപ്പെടുത്താത്തതിനാൽ ജീവനക്കാർ നിർദേശം പാലിക്കാറില്ല. വകുപ്പ് മേധാവികൾ ഇതിന് നിർബന്ധിക്കാറുമില്ല. പുതിയ പീഡന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷക്ക് ഇറക്കിയ ഉത്തരവും സ്ത്രീകളെ കുഴിയിൽ ചാടിക്കുന്നതാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.