ലഹരിവിരുദ്ധ നടപടി; വിവിധതല സമിതികൾ രൂപവത്കരിക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയാൻ കർശന നടപടികൾ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ല, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ രൂപവത്കരിക്കാൻ തീരുമാനം. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ മന്ത്രി ഉപാധ്യക്ഷനുമായാണ് സംസ്ഥാനതലസമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-വർഗ, കായിക മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപനം നിർവഹിക്കും. സെപ്റ്റംബർ 22ന് സംസ്ഥാനസമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും കലക്ടർ കൺവീനറുമായി ജില്ലതലസമിതി രൂപവത്കരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ 21ന് സമിതി യോഗം ചേരും.
തദ്ദേശ സ്ഥാപനമേധാവികൾ അധ്യക്ഷരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി. വിദ്യാഭ്യാസ സ്ഥാപനമേധാവികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ് പ്രതിനിധികളും സമിതിയിലുണ്ടാകും.
റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ എന്നിവരെയും വിളിക്കും. പോസ്റ്റർ, ബോർഡ് എന്നിവ വഴിയുള്ള പ്രചാരണത്തിന് വ്യാപാരികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായം തേടും. വാർഡുതല സമിതിയിൽ വാർഡംഗം അധ്യക്ഷനാകും.
കൺവീനറായി സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അധ്യാപകനോ ഉണ്ടാകും. സ്‌കൂൾതലത്തിൽ അധ്യാപക-രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കും. പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ സെപ്റ്റംബർ 28നകം രൂപവത്കരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഒക്ടോബർ രണ്ടിനാണ് കാമ്പയിൻ ആരംഭിക്കുക. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ആൾക്കൂട്ടം ഉണ്ടാകുന്ന ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ് എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, വകുപ്പു സെക്രട്ടറിമാർ, ഡയറക്ടർമാർ, സംസ്ഥാന പൊലീസ് മേധാവി, എക്സൈസ് കമീഷണർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.