ലഹരി വിരുദ്ധ ബോധവത്കരണം: സ്‌കൂളുകൾ വിപുലമായി ആചരിക്കണമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി. രാവിലെ 9.30 ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിക്കും.
തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാ കായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ സ്ക്കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കാൻ വേണ്ട സംവിധാനം ഒരുക്കണം.
വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്', ആന്റി നാർകോട്ടിക് ക്ലബ് , മറ്റ് ക്ലബുകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പരിപാടികളുടെ ഭാഗമാകണമെന്നും വി.ശിവൻകുട്ടി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.