ലഹരിവിരുദ്ധ കാമ്പയിൻ തകൃതി; പൊടി പിടിച്ച് 'പിറ്റ് ആക്ട്'
text_fieldsതൃശൂർ: ലഹരിക്കടത്ത് തടയാൻ 1988ൽ ജൂലൈയിൽ കൊണ്ടുവന്ന 'പിറ്റ് ആക്ട്' ( അനധികൃത മയക്കുമരുന്ന് കടത്തൽ തടയൽ നിയമം -1988) ഇനിയും നടപ്പായില്ല. ബോധവത്കരണവും ലഹരിവിരുദ്ധ ശൃംഖലയും സംഘടിപ്പിക്കാൻ ഊർജിതശ്രമം നടക്കുമ്പോഴാണിത്. ഗുണ്ടകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന 'കാപ്പ' നിയമത്തിന് സമാനമാണ് പിറ്റ് ആക്ടും.
ജില്ല പൊലീസ് മേധാവിയുടെ ശിപാർശ പ്രകാരം കലക്ടർക്ക് കാപ്പ ചുമത്താമെങ്കിലും പിറ്റ് ചുമത്തണമെങ്കിൽ ജില്ല പൊലീസ് മേധാവിയുടെ ശിപാർശയിൽ വകുപ്പ് മേധാവികൾ മുഖേന ആഭ്യന്തര വകുപ്പ് സെക്രട്ടറിയിലെത്തണം. ഇത് ഹൈകോടതി ഉപദേശക സമിതി പരിശോധിച്ചാണ് അംഗീകാരം നൽകുക.
കാപ്പ ചുമത്തിയാൽ ആറുമാസം വരെയാണ് കരുതൽ തടങ്കലോ, നാടുകടത്തലോ വരികയെങ്കിൽ പിറ്റ് ആക്ട് ചുമത്തിയാൽ ഒരുവർഷം വരെ ജയിലിൽ കഴിയുന്നതാണ് ശിക്ഷ. സ്ഥിരം കടത്തുകാര്‍ക്ക് വധശിക്ഷ വരെ കിട്ടുംവിധം കേസെടുക്കാൻ കഴിഞ്ഞ ദിവസം എക്സൈസ് കമീഷണർ നിർദേശം നൽകിയിട്ടുണ്ട്.
നേരത്തേ നിയമസഭയിൽ പി.സി. വിഷ്ണുനാഥിന്റെ ചോദ്യത്തിന് പിറ്റ് ആക്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും പ്രാബല്യത്തിൽ വന്നില്ല. ഇപ്പോൾ ലഹരിവ്യാപനം തടയാൻ നൽകിയ നിർദേശങ്ങളെല്ലാം ആക്ട് ചട്ടങ്ങളുടെ പരിധിയിലുള്ളതാണ്. എന്നാൽ, പിറ്റ് ആക്ട് നടപ്പാക്കാൻ ഇപ്പോഴും നിർദേശം നൽകിയിട്ടില്ല. ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും അതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യകേസ്കൂടി പരിഗണിച്ച് ഒന്നരയിരട്ടി ശിക്ഷനല്കാന് വ്യവസ്ഥയുണ്ട്. തുടര്‍ച്ചയായ വലിയ ഇടപാടുകളാണെങ്കില്‍ തൂക്കുകയര്‍വരെ ശിക്ഷകിട്ടാം.
എന്‍.ഡി.പി.എസ് നിയമത്തിലെ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത 31, 31-എ വകുപ്പുകൾ മയക്കുമരുന്ന് വ്യാപനം തടയാൻ പാകത്തിലുള്ളതാണ്. ലഹരിക്കടത്ത് വൻതോതിൽ വർധിക്കുകയും സ്ഥിരം കടത്തുകാരുണ്ടെന്ന് എക്സൈസ് കണ്ടെത്തുകയും ചെയ്തിട്ടും നടപടികളിൽ മെല്ലെപ്പോക്കാണെന്ന ആക്ഷേപം ശക്തമാണ്. ഈ വർഷം സെപ്റ്റംബർ വരെ മാത്രം 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.