കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കര്‍ഷക-ആദിവാസി വിരുദ്ധമായ കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്ന്എസ്.ഡി.പി.ഐ. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷത്തില്‍പരം കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിർദേശങ്ങളാണ് ഭേദഗതിയിലുള്ളത്.
വന്യജീവികള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും വിഷയം ഗൗവരത്തിലെടുത്ത് സത്വരവും സമഗ്രവുമായ പരിഹാരം കണ്ടെത്താന്‍ തയാറാവാത്ത സര്‍ക്കാരാണ് ജനവിരുദ്ധമായ പുതിയ നിയമങ്ങള്‍ ചുട്ടെടുക്കാന്‍ ശ്രമിക്കുന്നത്. വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം കണ്ടെത്തുന്ന ആദിവാസി വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ് ഭേദഗതി.
2006 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വനാവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാരാണ് ആദിവാസി വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമഭേദഗതിക്ക് തയാറാവുന്നത്. അറസ്റ്റ് സംബന്ധിച്ച സുപ്രിം കോടതി മാര്‍ഗനിർദേശങ്ങള്‍ക്ക് വിരുദ്ധമാണ് കേരള വനനിയമ ഭേദഗതി 63-ാം വകുപ്പിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ മാത്രമല്ല കേരളത്തില്‍ എവിടെയും സംസ്ഥാന പൊലീസിനെ നോക്കുകുത്തിയാക്കി ആരെ വേണമെങ്കിലും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കോടതിയെ അറിയിക്കാതെ എത്ര നാള്‍ വേണമെങ്കിലും ആരെയും കസ്റ്റഡിയില്‍ വെക്കാനും വനംവകുപ്പിന് അധികാരം നല്‍കുന്ന വന നിയമഭേദഗതി നിർദേശം നിയമവാഴ്ച ആഗ്രഹിക്കുന്ന ഭരണകൂടത്തിന് ഭൂഷണമല്ല.
വിറക് ശേഖരിക്കുന്നതും വളര്‍ത്തു മൃഗങ്ങളെ മേക്കുന്നതും മീന്‍ പിടിക്കുന്നതും പുഴയില്‍ കുളിക്കുന്നതുമൊക്കെ വലിയ കുറ്റകൃത്യങ്ങളായി നിർദേശിക്കുന്ന ഭേദഗതി ജനവിരുദ്ധമാണ്. വേനല്‍ക്കാലത്ത് വനമേഖലയില്‍ കുടിവെള്ളം ശേഖരിക്കുന്നതു പോലും ഗുരുതരമായ കുറ്റകൃത്യമായി വരും നിയമം നിലവില്‍ വന്നാല്‍. മനുഷ്യത്വ വിരുദ്ധമായ നിയമഭേഗതിക്കെതിരേ ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഈ മാസം 31 വരെ തുച്ഛമായ ദിനങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
പരാതി സമര്‍പ്പിക്കാനുള്ള സമയം ജനുവരി 30 വരെ നീട്ടിനല്‍കണം. കൂടാതെ ഇതുസംബന്ധിച്ച് വാര്‍ത്താമാധ്യമങ്ങളില്‍ പ്രചാരണം നടത്താനും സര്‍ക്കാര്‍ തയാറാവണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.