സമസ്ത സമവായ ചർച്ച: ലീഗ് വിരുദ്ധ വിഭാഗം വിട്ടുനിന്നു
text_fieldsമലപ്പുറം: സമസ്തയിലെ വിഭാഗീയത അവസാനിപ്പിക്കാൻ നേതൃത്വം വിളിച്ച സമവായ ചർച്ചയിൽ നിന്നും ലീഗ് വിരുദ്ധ വിഭാഗം വിട്ടുനിന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് 3.30 ന് മലപ്പുറത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു ചർച്ച. സമസ്തയിലെ ലീഗ് അനുകൂല, വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഇരു വിഭാഗത്തിന്റെയും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ലീഗ് വിരുദ്ധ വിഭാഗം വിട്ടുനിൽക്കുമെന്ന് നേരെത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്നലെ രാവിലെ ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നേതൃത്വം വിളിക്കുന്ന യോഗം ബഹിഷ്കരിക്കുന്ന നയം സമസ്തയുടെ ആളുകളിൽ നിന്ന് ഉണ്ടാവില്ലെന്നും, വരാതിരുന്നാൽ അത് ധിക്കാരവും അച്ചടക്ക ലംഘനവുമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ മറുപടി.
എന്നാൽ ഒരു വിഭാഗം വരാൻ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നായിരുന്നു യോഗത്തിന് ശേഷം ജിഫ്രി തങ്ങളുടെ പ്രതികരണം. ആരുടേയും പരാതി കൊണ്ട് നടത്തുന്ന ചർച്ചയല്ലെന്നും നേതൃത്വം മുൻകൈയെടുത്ത് നടത്തുന്നതാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജിഫ്രി തങ്ങൾ മറുപടി നൽകി. വലിയ കുടുംബം ആകുമ്പോള്‍ സ്വരചേര്‍ച്ച കുറവ് ഉണ്ടാകും. അത് പറഞ്ഞു തീര്‍ക്കല്‍ മുന്‍കാലങ്ങളില്‍ തന്നെ ഉണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തെറ്റിദ്ധാരണകള്‍ മാറ്റാനാണ് യോഗം വിളിച്ചത്. ഒരു കൂട്ടര്‍ക്ക് അസൗകര്യം കാരണം പങ്കെടുത്തില്ല. ഒരു കൂട്ടരുമായി സംസാരിച്ചു. സമസ്തയുടെ നേതൃത്വം വിട്ടുവീഴ്ച്ച മനോഭാവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്നും മറ്റൊരു ദിവസം എല്ലാവരെയും കൂട്ടി യോജിപ്പിച്ച് യോഗം ചേരുമെന്നും ഇതിന്റെ ദിവസം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിഹരിക്കാന്‍ കഴിയാത്ത വിഷയം ഒന്നുമില്ല. എല്ലാവരെയും യോജിച്ച് കൊണ്ടുപോവുകയാണ് വേണ്ടതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
അഭിപ്രായ വ്യത്യസമുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും കൂടിയിരുന്ന് പരിഹാരം ഉണ്ടാക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. എല്ലാവരെയും വിളിച്ചിരുന്നെന്നും ഇതില്‍ ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും ഇല്ലെന്നും എല്ലാ പ്രശ്നങ്ങളും സമ്പൂർണമായി പരിഹരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹാജി യു.മുഹമ്മദ് ഷാഫി, അബ്ദുറഹിമാന്‍ കല്ലായി, മലയമ്മ അബൂബക്കര്‍ ബാഖവി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ആര്‍.വി ഹസ്സന്‍ ദാരിമി, ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, കീഴടത്തില്‍ ഇബ്രാഹിം ഹാജി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പരാതികള്‍ രേഖാമൂലം ഉസ്താദുമാര്‍ക്ക് കൈമാറി -അബ്ദുസമദ് പൂക്കോട്ടൂര്‍
മലപ്പുറം: പറയാനുള്ളത് ഉസ്താദുമാരോട് പറഞ്ഞിട്ടുണ്ടെന്നും രേഖാമൂലം തന്നെ എല്ലാം നല്‍കിയിട്ടുണ്ടെന്നും സമസ്തയിലെ സമവായ ചര്‍ച്ചക്ക് ശേഷം അബ്ദുസമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉസ്താദുമാര്‍ വിളിച്ചിട്ടാണ് ഞങ്ങള്‍ വന്നത്. ഉസ്താദുമാര്‍ വിളിച്ചാല്‍ വരിക എന്നതാണ് ഞങ്ങളുടെ അച്ചടക്കം. അതേ സമയം ഒരു വിഭാഗം വന്നിട്ടില്ല. അവരുടെ കാര്യം ഞങ്ങളല്ല പറയേണ്ടത്. കൂടുതൽ കാര്യങ്ങൾ മാധ്യമപ്രവർത്തകരോട് പറയരുതെന്ന് ഉസ്താദുമാർ പറഞ്ഞത് കൊണ്ട് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരാത്തത് അച്ചടക്ക ലംഘനമാണോ എന്ന ചോദ്യത്തിന് സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.