മുസ്‍ലിം വിരോധം: സി.കെ. പത്മനാഭന്‍റെ നിലപാടിൽ പ്രതികരിച്ച് പന്ന്യൻ രവീന്ദ്രൻ; ബി.ജെ.പിക്കുള്ളിൽ ചിന്തിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന്
text_fieldsഇടുക്കി: ബി.ജെ.പി നേതൃത്വത്തിനെതിരായ ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭന്‍റെ വിമർശനത്തോട് പ്രതികരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തീവ്ര ആർ.എസ്.എസ് നിലപാടുള്ളവർ മാത്രമല്ല ബി.ജെ.പിയിലുള്ളത്. ബി.ജെ.പിക്കുള്ളിൽ ചിന്തിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.
സി.കെ. പത്മനാഭൻ ഇന്നലെ പറഞ്ഞത്
''ഓണവും പെരുന്നാളും ക്രിസ്മസും വരുമ്പോൾ പരസ്പരം ഭക്ഷണം കൈമാറുകയും സ്നേഹിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളത്തിലേതെന്നും ഈ സുന്ദര വ്യവസ്ഥക്ക് പോറലേൽപിക്കുന്ന ഏത് സിദ്ധാന്തം ആര് കൊണ്ടുവന്നാലും പരാജയപ്പെടുകയേ ഉള്ളൂ. ഉത്തരേന്ത്യയല്ല ഇതെന്നും മുസ്‍ലിം വിരുദ്ധത കൊണ്ട് നാട്ടിലെ സൗഹാർദത്തിന് തകരാർ ഉണ്ടാക്കുന്നുവെന്നല്ലാതെ പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.
മലപ്പുറം ജില്ല രൂപവത്കരണ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഞാൻ. മുസ്‍ലിംകൾക്കുവേണ്ടി ജില്ല എന്ന ഭയമായിരുന്നു അന്ന്. അതിന് സഹായകമാവുന്ന ചില സംഭവവും അന്നുണ്ടായി. നോമ്പ് കാലത്ത് തിയറ്ററുകൾ കത്തിച്ച പോലുള്ള സംഭവം. ആ കാലം കഴിഞ്ഞു. പക്ഷേ, ജീവിത യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്.
സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കാൻ കഴിയുന്ന ആളുകളുള്ളത് മലപ്പുറത്താണ്. അതെന്റെ അനുഭവമാണ്. അത് കെട്ടിച്ചമച്ച് പറയുന്നതല്ല. നൂറുകണക്കിന് മുസ്‍ലിം ചെറുപ്പക്കാർ എനിക്കവിടെ സുഹൃത്തുക്കളായുണ്ട്. നമുക്കവരെ വിശ്വസിക്കാം. ആശ്രയിക്കാം. ഇത്തരത്തിലുള്ള ആളുകളെ നമ്മൾ എന്തിനാണ് സംശയത്തോടെ കാണുന്നത്.
ഒരു സമുദായത്തെയും ഒഴിച്ചുനിർത്തി നമുക്ക് മുന്നോട്ടുപോവാൻ കഴിയില്ല. ഒരുതരം മുസ്‍ലിം വിരുദ്ധത ഇപ്പോൾ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാൻ കഴിയും എന്നതിൽ കവിഞ്ഞ് നാടിന്റെ പുരോഗതിക്കും സൗഹാർദത്തിനും അതുകൊണ്ട് പ്രയോജനമില്ല. വേണ്ടാത്തതിനും വേണ്ടുന്നതിനുമെല്ലാം ഒരു മുസ്‍ലിം വിരുദ്ധത കാണുന്നു. മുസ്‍ലിം സമുദായം ദേശീയതയുടെ അവിഭാജ്യഘടകമാണ്. സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വമാണ് എന്റേത്. രാഷ്ട്രത്തിന്റെ സൗന്ദര്യം ബഹുസ്വരതയാണ്.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.