ജനവിരുദ്ധ നയങ്ങൾ: ഓലമടൽ സമരം നടത്തി ലക്ഷദ്വീപ് ജനത - വിഡിയോ
text_fieldsകൊച്ചി: അശാസ്ത്രീയവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ ഓലമടൽ സമരം നടത്തി ലക്ഷദ്വീപ് നിവാസികൾ. സ്വകാര്യഭൂമിയിലടക്കം ഓലയും മടലും വീണുകിടന്നാൽ പിഴ ഇൗടാക്കാനുള്ള തീരുമാനത്തിനെതിരെയാണ് സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ ആഹ്വാനപ്രകാരം വ്യത്യസ്ത സമരം നടത്തിയത്. രാവിലെ ഒമ്പതുമുതൽ 10 വരെ ആയിരുന്നു സമരം.
ദ്വീപ് നിവാസികൾ വീടുകളിലും സമീപ പ്രദേശങ്ങളിലും ഓലയും മടലും കൂട്ടിയിട്ട് അതിന് മുകളിലിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറു സംഘങ്ങളായി ഓലയും മടലുമേന്തി പ്രതിഷേധങ്ങളും നടന്നു.
ഓലമടൽ വീടുകളിൽ കൂട്ടിയിടരുത്, ചവറുകൾ കത്തിക്കരുത് എന്നീ നിയമങ്ങൾ പിൻവലിക്കുക, ചവർ സംസ്കരണത്തിന് സംവിധാനം ഒരുക്കുക, ചവറുകൾ കത്തിക്കുന്നതിനും അവ കൂട്ടിയിടുന്നതിനും നിശ്ചയിച്ചിട്ടുള്ള പിഴ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്.
പ്ലക്കാർഡുകളുയർത്തി നടന്ന സമരത്തിൽ സ്ത്രീകളും വയോധികരും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. വീടുകളിൽ ഓലമടലുകൾ കൂട്ടിയിടരുത് എന്ന് പറയുന്നതല്ലാതെ ഇവ സംസ്കരിക്കാൻ ഭരണകൂടം സംവിധാനം ഒരുക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു.
ഓലമടൽ മാലിന്യമല്ലെന്നും തെങ്ങിനും മറ്റും സമീപത്ത് കൂട്ടിയിടുന്നത് മണ്ണിൽ വളക്കൂറുണ്ടാകാൻ കാരണമാകുമെന്നും ദ്വീപുവാസികൾ പറഞ്ഞു. വിവാദമായ ഇത്തരം നിയമങ്ങൾ പിൻവലിച്ച് ലക്ഷദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ജൂലൈ അഞ്ചിനുശേഷം സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുടെ വിശദമായ യോഗം ലക്ഷദ്വീപിൽ നടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കോഓഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.