ജനവിരുദ്ധ പരിഷ്കാരങ്ങൾ: ദുരിതം മാറാതെ ലക്ഷദ്വീപ് നിവാസികൾ
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങളുടെ പരിണതഫലമായ ദുരിതങ്ങളിൽ ബുദ്ധിമുട്ടി ലക്ഷദ്വീപ് നിവാസികൾ. ദ്വീപിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ കൊപ്ര വിപണനവും ആശങ്കയിലായിരിക്കുകയാണ്.
മുമ്പ് സർക്കാർ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന കോഓപറേറ്റിവ് സൊസൈറ്റികൾ മുഖാന്തരം കൊപ്ര സംഭരിച്ച് വിൽപന നടത്തി ജനങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കിയിരുന്നു. ഇപ്പോൾ സൊസൈറ്റികളിൽനിന്ന് സർക്കാർ ജീവനക്കാരെ പൂർണമായി പിൻവലിക്കുകയും സൊസൈറ്റികൾക്ക് നൽകിവന്നിരുന്ന ഫണ്ട് നിർത്തലാക്കുകയും ചെയ്തു. ഇതോടെ സൊസൈറ്റി ബോർഡിന്റെ നേതൃത്വത്തിലുള്ള സേവനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.
ലക്ഷദ്വീപിലേക്കുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ റിക്രൂട്ട്മെൻറിൽ തദ്ദേശവാസികൾക്ക് 50 ശതമാനം സംവരണം ലഭിച്ചിരുന്നു. അത് ഇപ്പോൾ വെട്ടിച്ചുരുക്കി 10 ശതമാനമാക്കി. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ പശു ഫാമുകളും പൗൾട്രി ഫാമുകളും പ്രവർത്തനം നിർത്തിയിരുന്നു. ഇതോടെ പശുക്കളെയും മറ്റും ദ്വീപിൽനിന്ന് കൊണ്ടുപോയി എന്ന് മാത്രമല്ല, കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന കോഴിത്തീറ്റയും കാലിത്തീറ്റയും ഇല്ലാതാകുകയും ചെയ്തു. സ്വന്തമായി ഫാം പ്രവർത്തിപ്പിക്കുന്നതിന് നൽകിയിരുന്ന ധനസഹായവും നിർത്തലാക്കി. ഇവിടെ നിന്ന് കോഴിമുട്ടയും പാലും ന്യായവിലയ്ക്ക് ലഭിച്ചിരുന്നതും ഇല്ലാതായി. ഇതോടെ ഇറക്കുമതി ഉൽപന്നങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
അംഗൻവാടികളുടെ എണ്ണം കുറച്ചതോടെ ഗർഭിണികൾക്കും ശിശുക്കൾക്കും ലഭിച്ചിരുന്ന പോഷകാഹാരവും ചുരുങ്ങി. വിദ്യാർഥികളുടെ സ്കോളർഷിപ്പും സമയബന്ധിതമായി നൽകുന്നില്ലെന്ന പരാതിയുണ്ട്.
അഗ്രികൾചർ യൂനിറ്റുകളിലെ പച്ചക്കറി കൃഷിയും വിതരണവും നിർത്തിയിരിക്കുകയാണ്. ഇവിടുത്തെ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് നടപ്പിൽവരുത്തിയ നയങ്ങളുടെ പരിണതഫലങ്ങൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.