സര്‍ക്കാര്‍ പേ വാക്സിന്‍: സ്വകാര്യ കുത്തകകളുടെ അട്ടിമറി നീക്കത്തിനു ജീവനക്കാരുടെ സംഘടനയും കൂട്ട്
text_fieldsകോട്ടയം: സ്വകാര്യ കുത്തകകളുടെ ചൂഷണം ഒഴിവാക്കുന്നതിനു സ്വന്തം നിലക്ക് പേവിഷബാധക്കുള്ള പ്രതിരോധ വാക്സിന്‍ ഉല്‍പാദിപ്പിക്കാനുള്ള മൃഗസംരക്ഷണ വകുപ്പ് പദ്ധതിക്ക് തുരങ്കം വെക്കാന്‍ ജീവനക്കാരുടെ സംഘടന. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പാലോട് ബയോളജിക്കല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിനായി ലാബ് സ്ഥാപിക്കാന്‍ തീരുമാനിക്കുകയും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്‍സല്‍ട്ടന്‍സിയെ നിയമിക്കുകയും ചെയ്തതോടെയാണ് ജീവനക്കാരുടെ സംഘടനയായ കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.വി.ഒ.എ) ‘ഉണര്‍ന്നത്’.
പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയക്ടറെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതായാണ് വിവരം. വഴങ്ങുന്നില്ളെന്ന് കണ്ടതോടെ ഭീഷണിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്രേ.
പേവിഷ പ്രതിരോധ മരുന്ന് കേരളത്തില്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ. രാജു ആവര്‍ത്തിക്കുകയും മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിക്കുകയും ചെയ്തതോടെയാണ് ഇടങ്കോലിടാനുള്ള നീക്കം. അതീവ സുരക്ഷാ സൗകര്യങ്ങളോടെയുള്ള ലാബിന് 55 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രവും നബാര്‍ഡും തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. നബാര്‍ഡിന്‍െറ അംഗീകാരമുള്ള നാപ്കോണിന് വിശദ പദ്ധതി രൂപരേഖ തയാറാക്കാനായി കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കി. ഇവര്‍ പ്രവര്‍ത്തനവും തുടങ്ങി. 55 കോടിയോളം മുടക്കി ലാബ് നിര്‍മിച്ചാല്‍ വന്‍ നഷ്ടമാകുമെന്നാണ് കെ.ജി.വി.ഒ.എ പറയുന്നത്. ആവശ്യമുള്ളത് മുഴുവന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയില്ളെന്നും ഇതിന്‍െറ പേരില്‍ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുമെന്നുമാണ് സംഘടനയുടെ വാദം. എന്നാല്‍, ഈ നിലപാടില്‍ ഒരുവിഭാഗം ജീവനക്കാര്‍ക്ക് അമര്‍ഷമുണ്ട്. സമ്മേളനങ്ങള്‍ക്ക് ഇത്തരം കമ്പനികള്‍ സഹായിക്കുന്നത് പതിവാണെന്നും അതിനാലാണ് ഇത്തരമൊരു നീക്കമെന്നും അവര്‍ പറയുന്നു.
പ്രതിവര്‍ഷം സര്‍ക്കാര്‍ 20 കോടിയോളമാണ് പേവിഷ വാക്സിനായി മുടക്കുന്നത്. സ്വകാര്യ വ്യക്തികള്‍ ചെലവഴിക്കുന്നതു കൂടി കണക്കിലെടുത്താല്‍ തുക വീണ്ടും ഉയരും. ഇങ്ങനെ രണ്ടു വര്‍ഷം ചെലവിടുന്ന തുക മാത്രം മതി ലാബ് പ്രവര്‍ത്തന സജ്ജമാകാന്‍. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വാക്സിന്‍ നിര്‍മിച്ചാല്‍ സാമ്പത്തിക ബാധ്യത ഒഴിവാകുന്നതിനൊപ്പം വാക്സിന്‍ ലഭ്യമല്ലാത്ത സ്ഥിതിയും മാറും. കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ ലഭ്യമാക്കാനും കഴിയും. തെരുവുനായ് ശല്യം രൂക്ഷമാകുകയും കടിയേല്‍ക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തതോടെ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ചാകരയാണ്. സര്‍ക്കാര്‍ വാക്സിന്‍ എത്തിയാല്‍ കേരള വിപണി നഷ്ടമാകുമെന്ന് കണ്ട് ഇവര്‍ പൊളിക്കാന്‍ ശ്രമം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.