സിൽവർലൈൻ വിരുദ്ധ നീക്കം: നേരിടാനുറച്ച് സി.പി.എം: എൽ.ഡി.എഫ് കൺവീനറായി ഇ.പി. ജയരാജനു സാധ്യത
text_fieldsതിരുവനന്തപുരം: സിൽവർലൈൻ വിരുദ്ധ നീക്കങ്ങളെ ശക്തമായി നേരിടാൻ സി.പി.എം തീരുമാനിച്ചു. എപ്രിൽ 19ന് മുഖ്യമന്ത്രിയുടെ യോഗം മുതൽ പദ്ധതി ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗൃഹ സന്ദർശനങ്ങളും യോഗങ്ങളും നടത്താനാണ് നീക്കം. ഇതിനിടെ, എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ഇ.പി. ജയരാജൻ വരാൻ സാധ്യത തെളിയുന്നു. എ.കെ. ബാലന്റെ പേരും പരിഗണനയിലുണ്ട്. എ. വിജയരാഘവൻ സി.പി.എം പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ എൽ.ഡി.എഫ് കണ്‍വീനർ പദവി ഒഴിയും.
സിൽവർ ലൈനിന്റെ സർവെ കല്ലുകൾ പിഴുതെറിയുന്ന പ്രതിപക്ഷ സമരങ്ങൾ നടന്നവേളയിൽ സി.പി.എം ബോധപൂർവം മാറിനിൽക്കുകയായിരുന്നു. പാർട്ടി കോണ്‍ഗ്രസ് നടക്കുന്ന സാഹചര്യത്തിൽ അനാവശ്യചർച്ചകൾ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ചെങ്ങന്നൂർ അടക്കം ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അനുകൂല പ്രചാരണം നടന്നത്. വരും നാളുകളിൽ എൽ.ഡി.എഫ് എന്ന നിലയിൽ ഭരണ കക്ഷികളെ അണിനിരത്തിയാകും യോഗങ്ങൾ നടക്കുക. സി.പി.ഐയിൽ അടക്കം ആശയക്കുഴപ്പങ്ങൾ തുടരുമ്പോഴാണ് പദ്ധതിക്കായി എൽ.ഡി.എഫ് രംഗത്തിറങ്ങുന്നത്. കെ. റെയിൽ കടന്നു പോകുന്ന എല്ലാ ഇടങ്ങളിലും ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും വിശദീകരിച്ച് ഗൃഹ സന്ദർശനങ്ങൾ നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സി.പി.എം നേതൃയോഗം. ഇതിനുപുറമെ, സിൽവർ ലൈനിന്റെ ആവശ്യകത ചൂണ്ടികാണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ വ്യാപകമാക്കാനും തീരുമാനമുണ്ട്. ഇതിനകം തന്നെ, ഇതാരംഭിച്ചിട്ടുണ്ട്.
പുത്തലത്ത് ദിനേശനെ മാറ്റി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പുതിയ നേതാവിനെ സി.പി. എം ആലോചിക്കുന്നു.അങ്ങനെയെങ്കിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും. ഇ.എം.എസ് അക്കാദമി,ദേശാഭിമാനി പത്രാധിപർ തുടങ്ങിയ ചുമതലകളിലും മാറ്റം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.