സ്ത്രീ വിരുദ്ധത തുടച്ചുനീക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമൂഹത്തിൽ അടിഞ്ഞുകൂടിയ സ്ത്രീ വിരുദ്ധമായ എല്ലാ ഘടകങ്ങളെയും തുടച്ചുനീക്കിയാലേ സ്ത്രീ മുന്നേറ്റം സാധ്യമാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മേഖലയിലും വിദ്യാഭ്യാസ രംഗത്തും മതാചാരങ്ങളിലും ഭരണനിർവഹണത്തിലുമെല്ലാം ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ വനിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനം. ഇതിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. സ്ത്രീധനത്തിനെതിരായ പരാതികളില്‍ ശക്തമായ നടപടി ഉറപ്പുവരുത്തും. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്മാര്ക്കും കൃത്യമായ ബോധം ഉണ്ടാവണം. സ്ത്രീ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലിയും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാകും എന്ന ചിന്ത അംഗീകരിക്കാനാവില്ല.
മികച്ച ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന പരിശോധന ഉണ്ടാകണം. അത്തരം വിവേചനങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ സര്‍ക്കാര്‍ ഇടപെടും.
കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇക്കുറി വനിതദിന ചിന്താവിഷയം രൂപപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവുമധികം കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കാണ്.
അതുകൊണ്ടുതന്നെ അതിനെ അതിജീവിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷ്മി, ഡോ. സുനിത കൃഷ്ണന്, ഡോ. യു.പി.വി. സുധ എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിതരത്ന പുരസ്കാരം സമ്മാനിച്ചു. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.