സിനിമ മേഖലയിലെ ലൈംഗികാതിക്രമം: ഡബ്ല്യു.സി.സി ഹരജിയിൽ വനിത കമീഷൻ കക്ഷിചേർന്നു
text_fieldsകൊച്ചി: സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സംസ്ഥാന വനിത കമീഷൻ കക്ഷിചേർന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളിലും ഇത്തരം സമിതി വേണമെന്നതടക്കം ആവശ്യമുന്നയിച്ച് സംഘടനക്കുവേണ്ടി രമ്യാനമ്പീശൻ നൽകിയ ഹരജിയിലാണ് കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഉപഹരജി നൽകിയിരിക്കുന്നത്. സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ സമിതി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമ ടെക്‌നീഷന്‍സ് അസോസിയേഷന്‍ (എം.എ.സി.ടി.എ), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയവരും പ്രധാന ഹരജിയിൽ എതിർകക്ഷികളാണ്. വനിതകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ വനിത കമീഷൻ നിയമപ്രകാരമാണ് കമീഷന് രൂപം നൽകിയിരിക്കുന്നതെന്നും ഹരജിയിൽ കക്ഷി ചേരാൻ അനുമതി നൽകണമെന്നുമാണ് ഉപ ഹരജിയിൽ പറയുന്നത്. ഹരജി അന്തിമ വാദത്തിന് ഫെബ്രുവരി 14ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരവധി പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാവുന്നുണ്ടെന്നും തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) മലയാള സിനിമാരംഗത്ത് നിലവിലില്ലെന്നും ബോധിപ്പിച്ച് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സി ജനുവരി 16-ന് കേരള വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാറിന് നല്‍കിയ അപേക്ഷ പ്രകാരം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നിയുക്തമാക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇതേവരെ പരിഹാര മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
മലയാള സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്ന കേരള ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിയമപരമായ ബാധ്യത നിറവേറ്റാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയ ഡബ്യു.സി.സി, ആഭ്യന്തര പരാതി പരിഹാര സമിതി ഇല്ലാത്ത സിനിമക്ക് പ്രദര്‍ശനാനുമതി ലഭ്യമാക്കരുതെന്ന ആവശ്യവും ഉന്നയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതില്‍ കമീഷന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ വിഷയം അടിയന്തരമായി പരിഗണിച്ച കമീഷന്‍ ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹരജികളില്‍ കക്ഷി ചേരാന്‍ തീരുമാനമെടുക്കുകയായിരുന്നു. കൂടാതെ കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡബ്യു.സി.സി ഭാരവാഹികള്‍ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, കമീഷന്‍ അംഗം അഡ്വ. എം.എസ്. താര എന്നിവരോട് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചതിന്‍റെയും തുടര്‍ന്ന് വനിതാ കമീഷന് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ഇടപെടല്‍ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.