ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറക്കണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന് ആരോഗ്യവകുപ്പ് മുന്‍കൈയെടുത്ത് പൊതുജനങ്ങള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്ന് വില്പനശാലകള് എന്നിവരെ പങ്കാളികളാക്കി ബോധവത്കരണം നടത്തണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മരുന്ന് നല്‍കൂ എന്ന നിലപാട് മരുന്നുശാലകളും ഏറ്റെടുക്കണം.
ഇതില്‍നിന്ന് മാറി സഞ്ചരിക്കുന്നുണ്ടോയെന്നറിയാന് പ്രത്യേക ജാഗ്രത സംവിധാനവും ഉണ്ടാകേണ്ടതാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കർമപദ്ധതി രാജ്യത്തിനാകെ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് തയാറാക്കിയ കേരള ആൻറി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കെ.എ.ആർ.എസ്.എ.പി) മാസ്കറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആൻറിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതുമൂലമുള്ള വിപത്തുകള്‍ ഒഴിവാക്കാനും നേരിടാനുമാണ് ആരോഗ്യവകുപ്പ് കർമപദ്ധതി തയാറാക്കിയിരിക്കുന്നത്. ഓരോരുത്തരും അസുഖങ്ങള്‍ക്ക് സ്വമേധയ മരുന്നുകള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ക്രമരഹിതവും അമിതവുമായ മരുന്നുപയോഗത്തിെൻറ ഫലമായി, മരുന്നിന് അടിപ്പെടുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് സൂചന. ഈ തിരിച്ചറിവാണ് കർമപദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം മറ്റൊരു നാഴികക്കല്ലാണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഈ കര്‍മപദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം ഘട്ടം വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എങ്കിലും ആരോഗ്യവകുപ്പിലെ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
20,000 കോടിരൂപയുടെ മരുന്നുകളാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. അതില്‍ 20 ശതമാനവും ആൻറിബയോട്ടിക്കുകളാണ്. രോഗപ്രതിരോധത്തിനും മറ്റുമായി ആയുഷ് വകുപ്പിനെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, ഡബ്ല്യു.ആര് ഇന്ത്യ പ്രതിനിധി ഡോ. ഹെങ്ക് ബേക്ഡം, ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ഡോ. അനൂജ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.