ആൻറിബയോട്ടിക് ദുരുപയോഗം: നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്
text_fieldsകൊച്ചി: ആൻറിബയോട്ടിക് വിൽപനക്കും ദുരുപയോഗം തടയാൻ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക് മരുന്നുകൾ വിറ്റ 52 ചില്ലറ ഔഷധ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 295 സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ഓപറേഷൻ അമൃത് പദ്ധതി പ്രകാരം ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ 1800 4253 182 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇത് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി ഇൻറലിജൻസ് ബ്രാഞ്ച് അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർ പരിശോധന നടത്തും. തുടർന്ന് മേഖല കാര്യാലയങ്ങളിലെ ഇൻറലിജൻസ് ബ്രാഞ്ച് ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് വിവരം കൈമാറും. ഡ്രഗ്സ് ഇൻസ്പെക്ടറിൽനിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ഡ്രഗ്സ് കൺട്രോളർ നടപടികൾ സ്വീകരിക്കും.
ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് വൺ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നൽകില്ലെന്ന അറിയിപ്പ് എല്ലാ ഔഷധ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണമെന്നാണ് നിബന്ധന.
ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് ഉളവാക്കുന്ന വിപത്തിനെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഔഷധവ്യാപാരികൾക്കും രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾക്കും ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ ബോധവത്കരണവും നടത്തുന്നുണ്ട്. മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവകളെ വളർത്തുന്ന ഫാമുകളിലെ ആൻറിബയോട്ടിക് ദുരുപയോഗം പരിശോധിക്കുന്നതിന് ഓപറേഷൻ വെറ്റ് ബയോട്ടിക് എന്ന പേരിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം, ആരോഗ്യവകുപ്പ് നടപടി ശക്തമാക്കിയതോടെ ആൻറിബയോട്ടിക്കുകളുടെ വാർഷിക വിൽപന ഗണ്യമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.