ഇടപെടലുകൾ ഫലം കാണുന്നു; ആന്റിബയോട്ടിക് ഉപയോഗം 30 ശതമാനം കുറഞ്ഞു
text_fieldsതിരുവനന്തപുരം: നടപടികൾ കർശനമാക്കിയതോടെ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായെന്ന് ആരോഗ്യവകുപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുതെന്നതടക്കം കർശന ഇടപെടലുകൾ ഫലം കണ്ടെന്നാണ് വിലയിരുത്തലുകൾ. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗംമൂലം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ മൂലം മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടാണ് പ്രതിരോധത്തിന് സംസ്ഥാനം രൂപരേഖ തയാറാക്കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാനായിരുന്നു നിർദേശം.
കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോതറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എ.എം.ആര് സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. രോഗകാരികളായ ബാക്ടീരിയകൾ ഏതൊക്കെ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുമെന്നും ഏതിനോടെല്ലാം കീഴ്പ്പെടുമെന്നതടക്കം ക്ലിനിക്കൽ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വിവരശേഖരമാണ് ആന്റിബയോഗ്രാം.
ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായാണ് കണ്ടെത്തൽ. മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ചര്‍ തുടങ്ങിയ വിഭാഗങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടുവരുന്നത്.
പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളെയും ജീനുകളെയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിരുന്നു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന സൂചനകളെ തുടർന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ‘ഓപറേഷന് വെറ്റ്ബയോട്ടിക്’ എന്ന പേരിലും പരിശോധന വ്യാപകമാക്കി. ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകള്‍, ഫാമുകള്‍ക്കും ആനിമല്‍ ഫീഡ് വ്യാപാരികള്‍ക്കും മാനദണ്ഡം പാലിക്കാതെ വില്പന നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മതിയായ ഡ്രഗ്സ് ലൈസന്‍സുകളില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.