വിദ്വേഷ പ്രചാരണം: അഡ്വ. കൃഷ്ണ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ
text_fieldsകൊച്ചി: ഫേസ്ബുക്കിൽ മതവിദേവഷം പ്രചരിപ്പിച്ച കേസിൽ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ മത വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. ഹൈകോടതി അഭിഭാഷകനായ വി.ആർ അനൂപിന്റെ പരാതിയിൽ മതനിന്ദ വകുപ്പ് ചേർത്താണ് കേസ്.
എന്നാൽ, മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്തതെന്നും അഡ്വ. കൃഷ്ണ രാജ് മുൻകൂർജാമ്യ ഹർജിയിൽ പറയുന്നു. സ്വപ്ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കേസ് ദുരുദ്ദേശപരമാണെന്നുമാണ് ഇയാളുടെ വാദം. അറസ്റ്റ് തടയാൻ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസിനാധാരമായ ഫേസ്ബുക് പോസ്റ്റ് പ്രതി ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. മേയ് 25നാണ് കൃഷ്ണരാജ് വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടത്. കെ.എസ്.ആർ്ടിസി യൂനിഫോമിനൊപ്പം തൊപ്പി കൂടി ധരിച്ച ഡ്രൈവറുടെ ഫോട്ടോ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ മോശം കമേന്റാടെ പങ്കുവെക്കുകയായിരുന്നു. 'ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവിസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം' എന്ന കുറിപ്പോടെയായിരുന്നു ഇത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തിരുന്നു.
കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു ഈ വിദ്വേഷ പ്രചരണം. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, ഫോട്ടോയുടെ ബ്രൈറ്റ്നെസ് കൂട്ടി, വെള്ള നിറമെന്ന് തോന്നിക്കുന്ന തരത്തിലാക്കിയായിരുന്നു പ്രചാരണം. ഡ്രൈവർ ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇത് കുർത്തയാണെന്ന തരത്തിലായിരുന്നു സംഘ്പരിവാർ നേതാക്കൾ അടക്കമുള്ളവർ വ്യാഖ്യാനിച്ചത്.
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കുമില്ല. എന്നാൽ, അഷ്റഫിന്റെ ഫോട്ടോ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ 'താലിബാനി' എന്നടക്കം ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ഒടുവിൽ കെ.എസ്.ആർ.ടി.സി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.