ഐ.എസ്.ആർ.ഒ ചാരക്കേസിൽ സിബി മാത്യൂസ് അടക്കമുള്ള ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: വിവാദമായ ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സി.ബി മാത്യൂസ് അടക്കമുള്ള മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, 11-ാം പ്രതി പി.എസ്. ജയപ്രകാശ്, വി.കെ മണി അടക്കമുള്ളവർക്കാണ് ജസ്റ്റിസ് കെ. ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്.
വിദേശയാത്രക്ക് അനുമതിയില്ല, കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടണം, രാജ്യംവിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് കോടതി മുൻകൂർ ജാമ്യം നൽകി മുന്നോട്ടുവെച്ചത്.
ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. പ്രതികൾ വെവ്വേറെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്.
2022 ഡിസംബർ രണ്ടിനാണ് ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കി ചിത്രീകരിച്ചതിനെതിരെ നൽകിയ പരാതിയിൽ 2021ൽ കേരള ഹൈകോടതി പ്രതികൾക്ക് നൽകിയ മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കൂടാതെ, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും ഹൈകോടതിയുടെ പരിഗണനക്ക് വിട്ടു. കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വിഷയം പുതിയതു പോലെ പരിഗണിക്കാൻ ഹൈകോടതിയോട് നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.