ഇ.പി. ജയരാജന്‍റെ ആത്മകഥ ചോർച്ച കേസ്: ശ്രീകുമാറിന് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: സി.പി.എം നേതാവ് ഇ.പി. ജയരാജന്‍റെ ആത്മകഥ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡി.സി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എ.വി. ശ്രീകുമാറിന് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങൾ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഉപാധികളോടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് ഉത്തരവ്.
നിയമവിരുദ്ധ പ്രവർത്തനം ഉണ്ടായിട്ടില്ലെന്നും തൊഴിലിന്‍റെ ഭാഗമായ പ്രവർത്തനം മാത്രമാണ് തന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ‘ദേശാഭിമാനി’ കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങൾ എഡിറ്റോറിയൽ ചുമതലയുടെ ഭാഗമായി പരിശോധിച്ച് അനുമതി നൽകുകയാണ് താൻ ചെയ്തതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
പ്രഥമദൃഷ്ട്യാ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങൾ സംഭവത്തിൽ പ്രകടമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്‍റെ അനുമതിയില്ലാതെ പുസ്തകത്തിന് ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന തലക്കെട്ട് നൽകിയതും പുസ്തകം പ്രസിദ്ധീകരിക്കുന്ന തീയതി പ്രസിദ്ധീകരിച്ചതും അദ്ഭുതപ്പെടുത്തുന്നു. ഇത് കേസിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. എന്നാൽ, ഇതിൽ പങ്കില്ലെന്ന് ഹരജിക്കാരനും ഹരജിക്കാരനും മറ്റുള്ളവർക്കും പങ്കുണ്ടെന്ന് സർക്കാറും പറയുന്നു. ഇക്കാര്യം അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.