ബലാത്സംഗ പരാതിയിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: നടി നൽകിയ ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആരോപിക്കുന്ന സംഭവം നടന്നിട്ട് 17 വർഷത്തിന് ശേഷമാണ് പരാതി നൽകുന്നതടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷനും അന്തസ്സും മാന്യതയും ഉണ്ടെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ ശേഷം തന്നെയും കൂട്ടുകാരിയെയും ഹരജിക്കാരൻ ഹോട്ടലില്‍ വിളിച്ചുവരുത്തിയും പീഡിപ്പിച്ചെന്നുമായിരുന്നു നടിയുടെ ആരോപണം. എന്നാൽ, 2007ൽ സംഭവം നടന്നുവെന്ന് പറഞ്ഞാണ് ഇപ്പോൾ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് ബാലചന്ദ്രമേനോന്‍റെ വാദം. ഈ വാദം പരിഗണിച്ച് ഹരജിക്കാരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണം നടക്കുന്നതിനാൽ ഹരജി അനുവദിക്കരുതെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പരാതി 17 വർഷം വൈകിയത് പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 40 സിനിമ ചെയ്ത ചലച്ചിത്രകാരനും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത വ്യക്തിയാണ് ഹരജിക്കാരൻ. രണ്ട് ദേശീയ അവാർഡും നേടിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
2007 ജനുവരിയിൽ ആയിരുന്നു സംഭവം. ഗൾഫിൽ ജോലി നോക്കിയിരുന്ന തന്നെ സിനിമയിൽ ചീഫ് സെക്രട്ടറിയുടെ വേഷം വാഗ്ദാനം ചെയ്താണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിൽ മുറിയും ഏർപ്പാടാക്കി. എത്തിയ ദിവസം തന്നെ ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച മോശമായതിനാൽ അപ്പോൾ തന്നെ അവിടം വിട്ടിറങ്ങിയെങ്കിലും പിറ്റേദിവസം രാത്രിയും ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെയുണ്ടായിരുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഒപ്പം സംഘം ചേർന്ന് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു.
അതിനു വിസമ്മതിച്ച് സിനിമയിൽ അഭിനയിക്കാതെ തിരികെ പോകാൻ നിന്ന തന്നെ അനുനയിപ്പിച്ച് ചിത്രീകരണം നടത്തിയെന്നും എന്നാൽ പിന്നെയും ബാലചന്ദ്ര മേനോനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നുമായിരുന്നു നടിയുടെ ആരോപണം. പുറത്തുപറഞ്ഞാൽ ചിത്രീകരിച്ച ഭാഗങ്ങൾ ഒഴിവാക്കുമെന്നും വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നടി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.