എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് മുൻ കൂർ ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‍പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.
യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജില്ല കോടതിയിലാണ് എൽദോസ് ആദ്യം ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ വാദം കേൾക്കാൻ ജില്ല കോടതി അഡീ. സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു.
സമൂഹമാധ്യമത്തിന്റെ പി.ആർ ഉദ്യോഗസ്ഥയായാണ് പരാതിക്കാരി താനുമായി സൗഹൃദമുണ്ടാക്കിയതെന്ന് എൽദോസ് മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചശേഷം പണം ആവശ്യപ്പെടുകയും അതു നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയുമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം, കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. പരാതിയെ തുടർന്ന് കുന്നപ്പിള്ളി ഒളിവിലായിരുന്നു. യുവതിയെ താന്‍ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു. ബലാത്സംഗക്കേസിൽ മറുപടി നൽകണമെന്ന കെ.പി.സി.സി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.