പുരാവസ്തു തട്ടിപ്പ്: കെ.സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
text_fieldsകൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനും നിർദേശമുണ്ട്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 22ന് സുധാകനരെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.
മോൻസന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപുമാണ് സുധാകരനെതിരെ മൊഴി നൽകിയത്. എന്നാൽ, ഈ ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.
ഐ.ജി ജി.ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരും കേസിൽ പ്രതികളാണ്. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിന്ദുലേഖക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചിട്ടുണ്ട്. സുരേന്ദ്രന്റെ വീട്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.