യൂനിയനുകൾക്കെതിരെ ആൻറണി രാജു; അനാവശ്യ സമരങ്ങൾ ശമ്പളം മുടക്കി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ട്രേഡ് യൂനിയനുകൾ ശക്തമായിരുന്നിട്ടും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി തീരുമാനങ്ങൾ നടപ്പാക്കാനായെന്ന് മന്ത്രി ആൻറണി രാജു. യൂനിയനുകളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സ്ഥാപനമുണ്ടാകില്ല. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ. തൊഴിലാളികളെ സംതൃപ്തരാക്കാനാണ് യൂനിയനുകൾ സമരം ചെയ്യുന്നത്. ട്രേഡ് യൂനിയനുകളുടെ അമിതാവശ്യങ്ങളും അനാവശ്യ സമരങ്ങളും ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടാക്കിയെന്നും പ്രസ് ക്ലബിന്‍റെ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.
സ്ഥലം മാറ്റങ്ങളിൽ നിന്ന് 340 യൂനിയൻ നേതാക്കൾക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ 50 പേർക്ക് മാത്രമാക്കി ചുരുക്കി. പ്രഫഷനലുകളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതും യൂനിയൻ എതിർപ്പ് മറികടന്നാണ്. യൂനിയനുകളുടെ അവകാശവാദങ്ങൾ കേൾക്കുമെങ്കിലും സർക്കാർ സ്വന്തം തീരുമാനവുമായാണ് മുന്നോട്ടുപോയത്. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി ലാഭം ലക്ഷ്യമാക്കി പ്രവർത്തിപ്പിക്കേണ്ട സ്ഥാപനമല്ല. ജീവനക്കാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലെന്നുപറഞ്ഞത് ശമ്പളത്തിന്‍റെ കാര്യത്തിലാണ്. സ്വകാര്യബസുകൾക്കും നിരവധി ആനുകൂല്യം നൽകാനായി. മുമ്പൊന്നുമില്ലാത്ത വിധമുള്ള ബസ്ചാർജ് വർധനയാണ് ഇക്കാലയളവിലുണ്ടായത്. ബസുകളുടെ കാലാവധി 15ൽനിന്ന് 22 വർഷമാക്കി.
വിസ്മയക്കേസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ സർവിസിൽനിന്ന് പുറത്താൻ കഴിഞ്ഞതാണ് രണ്ടര വർഷക്കാലത്തിനിടെ ചെയ്ത മാതൃകപരമായ നടപടിയായി മനസ്സിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.