മന്ത്രിയായി തുടർന്നെങ്കിൽ നിരക്ക് അഞ്ചായി കുറക്കുമായിരുന്നു -ആന്റണി രാജു
text_fieldsതിരുവനന്തപുരം: താൻ മന്ത്രിയായി തുടർന്നിരുന്നെങ്കിൽ ഇ-ബസുകളുടെ ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് അഞ്ചായി കുറക്കുമായിരുന്നെന്ന് മുൻ മന്ത്രി ആൻറണി രാജു. ഇ- ബസ് നഷ്ടമാണെന്നും നിലവിലെ 10 രൂപ നിരക്ക് തുടരാനാകില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെയാണ് അഭിപ്രായ പ്രകടനം.
ഇ-ബസുകൾ ആരംഭിക്കുക എന്നത് സംസ്ഥാന സർക്കാറിന്റെ നയപരമായ തീരുമാനമാണ്. തലസ്ഥാന നഗരത്തെ സംബന്ധിച്ച് വൻ വിജയമാണ് സിറ്റി സർക്കുലർ ഇ-ബസുകൾ. കിലോമീറ്ററിന് 4.6 രൂപക്ക് ഇ-ബസുകൾ ഓപറേറ്റ് ചെയ്യാനാകും. ഡീസൽ ബസുകൾ ഒരു കിലോമീറ്റർ ഓപറേറ്റ് ചെയ്യുന്നതിന് 26.4 രൂപയാണ് ചെലവ്. ഒരു ഇ-ബസ് വാങ്ങുന്ന തുകക്ക് മൂന്ന് ഡീസൽ ബസുകൾ വാങ്ങാമെന്നത് ശരിതന്നെ. പക്ഷേ, കിലോമീറ്ററിൽനിന്ന് 21.40 രൂപ വരുമാനം കിട്ടുന്ന ഇ-ബസുകൾ എങ്ങനെ നഷ്ടമെന്ന് പറയാനാകും. തുടക്കത്തിൽ ഉയർന്ന നിരക്ക് കാരണം കുറഞ്ഞ യാത്രക്കാരെയാണ് ഇ-ബസുകൾക്ക് കിട്ടിയത്. നിരക്ക് 10 രൂപയായി കുറച്ചശേഷമാണ് യാത്രക്കാർ കൂടിയത്. ഇതോടൊപ്പം നഗരവാസികളെ പൊതുഗതാഗത സംവിധാനത്തിലേക്ക് തിരികെയെത്തിക്കാനായി. മഹാരാഷ്ട്രയിൽ ഇ-ബസ് നിരക്ക് അഞ്ചു രൂപയാണെന്നും ആന്റണി രാജു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.