വികസനം ജനപ്രതിനിധികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ആന്റണി രാജു
text_fieldsതിരുവനന്തപുരം:നാടിന്റെ വികസനം ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാ ജനങ്ങളും ഒരുമിച്ചുനിന്നാൽ മാത്രമേ അത് സാധിക്കുകയുള്ളുവെന്നും മന്ത്രി ആന്റണി രാജു. മൂന്നാമത് വട്ടിയൂർക്കാവ് വികസന സെമിനാറിനോടനുബന്ധിച്ച്, ആദ്യ രണ്ടു വികസന സെമിനാറുകളില്‍ ഉയര്‍ന്നുവന്ന നിദേശങ്ങളും വി.കെ.പ്രശാന്ത് എം.എൽ. ഏറ്റെടുത്ത പദ്ധതികളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനപദ്ധതികൾ വരുമ്പോൾ ചെറിയൊരു വിഭാഗം ആളുകൾ അതിനെതിരായി രംഗത്തുവരുന്നത് പതിവായിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിൽ 188 കോടി രൂപ മുതൽമുടക്കിൽ അട്ടക്കുളങ്ങര മേൽപ്പാലത്തിന് ഭരണാനുമതി ലഭിച്ചതാണ്. പക്ഷേ, ലക്ഷക്കണക്കിനാളുകൾക്ക് ഉപകാരപ്രദമാകേണ്ടിയിരുന്ന ആ പദ്ധതി ചെറിയൊരു വിഭാഗം ആളുകളുടെ എതിർപ്പുമൂലം ഉപേക്ഷിക്കേണ്ട സ്ഥിതിയിലായി.
ഇത്തരം പദ്ധതികളെ അനുകൂലിക്കുന്നവരാണ് കൂടുതലെങ്കിലും അവരൊന്നും അതിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങാറില്ല. സ്വാഭാവികമായും എതിർക്കുന്നവരുടെ ശബ്ദമാകും ഉയർന്നു കേൾക്കുക. അതോടെ ജനപ്രതിനിധികൾ പദ്ധതിയുമായി മുന്നോട്ടുപോകാൻ അറക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആര്‍. അനില്‍ ഫെസ്റ്റിവല്‍ ഗാനം പുറത്തിറക്കി. വട്ടിയൂര്‍ക്കാവ് വികസന സെമിനാറിലൂടെ വി.കെ.പ്രശാന്ത് എം.എല്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ എം.എല്‍.എമാര്‍ക്കും അനുകരിക്കാവുന്നതാണെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. വിക്രമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജമീല ശ്രീധരന്‍, കൗണ്‍സിലര്‍മാരായ ഡി.ആര്‍.അനില്‍, ഐ.എം. പാര്‍വതി, അംശു വാമദേവന്‍, എം.എസ്. കസ്തൂരി, സുരകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.