വാഹനാപകടങ്ങൾ പരമാവധി കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആന്റണി രാജു
text_fieldsകൊച്ചി: വാഹനാപകടങ്ങൾ പരമാവധി കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ വർഷാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാ പകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളിൽ മരിച്ചിരുന്നത് എങ്കിൽ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉൾപ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിത്. സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളിൽ പെടുന്നതും മരണങ്ങൾ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാർക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. അതിന്റെ ഭാഗമായി വടംവലി മത്സര സംഘടിപ്പിച്ചതിന് പിന്നിൽ ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്. റോഡുകളിലെ വടംവലി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെടുന്നത്. ഇത് നാലിലൊന്നായി കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വാഹനാപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്. ഈ സ്ഥാനം ഏറ്റവും പിന്നിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. സർക്കാരും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ ഇത് ലക്ഷ്യപ്രാപ്തിയിൽ എത്തുകയില്ല. പൊതുജനങ്ങളുടെ കാര്യമായ സഹായവും സഹകരണവും ആവശ്യമാണ്. ഓരോരുത്തരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് റോഡ് സുരക്ഷ എന്ന നിലയിൽ വേണം പ്രവർത്തിക്കാൻ. ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കുകയല്ല റോഡ് സുരക്ഷാ നിയമങ്ങൾ ശക്തമാക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. നിരത്തുകളിലെ അപകടങ്ങൾ പരമാവധി കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ സാന്ദ്ര തോമസ്, ദേവി ചന്ദന, സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവൻ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി.അനന്തകൃഷ്ണൻ, ഫസ്റ്റ് എയ്ഡ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സനീഷ് കല്ലുക്കാടൻ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.