വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് ആന്റണി രാജു
text_fieldsകൊച്ചി: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു. വൈപ്പിനിൽ നിന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ജനുവരി 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ സമയബന്ധിതമായി നഗര പ്രവേശനം പൂർത്തിയാക്കും.
നിലവിൽ ഈ പ്രദേശത്ത് 54 ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. ഇനിയും ബസുകൾ ഇടാൻ ഗതാഗത വകുപ്പ് തയ്യാറാണ്. ജനങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ ഉടമസ്ഥർ. ജനങ്ങൾ ബസുകളിൽ കയറിയാൽ മാത്രമേ നഷ്ടമില്ലാതെ സർവീസുകൾ നടത്താൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
ഗോശ്രീ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസന്റ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, കെ.എസ്.ആർ.ടി.സി മദ്ധ്യമേഖല എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി സെബി, എറണാകുളം ക്ലസ്റ്റർ ഓഫീസർ സാജൻ വി. സ്കറിയ, മറ്റു ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.