ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടിയെന്ന് ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. എറണാകുളത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയാണ്. ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ ഡയസ്‌നോൺ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്‌നോൺ മാനേജ്‍മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാൻ സർക്കാർ നിർദേശം വേണമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി തകർന്നാൽ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി ഓർമപ്പെടുത്തി.
അതേസമയം, പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശം നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദേശം.
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സിയി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. ഭരണ അനുകൂല യൂണിയനും ബി.എം.എസും 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ ഐ.എൻ.ടി.യു.സി 48 പണിമുടക്ക് ആണ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.