മുൾക്കിരീടമായിരുന്നില്ല, പടിയിറങ്ങുന്നത് സംതൃപ്തിയോടെ; കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുഴുവൻ ശമ്പളവും കൊടുത്തു തീർത്തു -ആന്റണി രാജു
text_fieldsതിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണെന്ന് ആന്റണി രാജു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി വകുപ്പ് തനിക്ക് ഒരിക്കലും മുൾക്കിരീടമായിരുന്നില്ലെന്ന് വ്യക്തമാക്കിയ ആന്റണി രാജു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുഴുവൻ ശമ്പളവും കൊടുത്തുതീർത്താണ് പടിയിറങ്ങുന്നതെന്നും വ്യക്തമാക്കി.
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വകുപ്പായിരുന്നു കെ.എസ്.ആർ.ടി.സി. എന്നാൽ ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം പൂർണമായി കൊടുക്കാൻ കഴിഞ്ഞു. ഒരുമാസത്തെ പോലും ശമ്പളക്കുടിശ്ശിക ഇല്ലാതെയാണ് ഇറങ്ങുന്നത്. ഇന്ന് അവധിയാണ്. ഇന്നലെ ശമ്പളം കൊടുക്കാൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ ക്രിസ്മസിന് ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടാകുമായിരുന്നു. ഈ മാസം 30ന് കൊടുത്താൽ മതി ശരിക്കും ശമ്പളം. എന്നാൽ പ്രത്യേക ക്രമീകരണങ്ങൾനടത്തിയാണ് സർക്കാർ പണം നൽകിയത്. അതിനാൽ ഇന്നലെ രാത്രിക്കു മുമ്പു തന്നെ ശമ്പളം കൊടുക്കാൻ സാധിച്ചു.-ആന്റണി രാജു പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജീവനക്കാർ ശമ്പളമില്ലാതെ ജോലിചെയ്യുന്നവരാണ് എന്നാണ് ജനങ്ങൾ കരുതുന്നത്. കെ.എസ്.ആർ.ടി.സിക്ക് ഈ മാസം സർക്കാർ121 കോടി രൂപയുടെ സഹായമാണ് നൽകിയത്. കുറച്ചുകൂടി മെച്ചപ്പെട്ട അന്തരീക്ഷത്തിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നു. -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.