തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണമെന്ന് ആന്റണി രാജു
text_fieldsതിരുവനന്തപുരം: സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് അയച്ചു.
ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നിലവിൽ ടോൾ പിരിക്കുന്നത് മാറ്റി ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വർദ്ധിക്കുവാൻ ഇടയാക്കും. തിരുവനന്തപുരം നഗരവാസികൾ ദിവസേന കടന്നുപോകുന്ന തിരുവല്ലത്തെ അശാസ്ത്രീയ ടോൾ നിരക്ക് വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് ആന്റണി രാജു പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യുവാൻ ഓരോ പ്രാവശ്യവും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോൾ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
തിരുവല്ലത്തെ ടോൾ നിരക്ക് ഗണ്യമായി വർധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള അവഗണനയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.