ആന്റണിയുടെ പ്രസ്താവന; ഹിന്ദുമതത്തിന്റെ വിശാലമനസ്കത ബി.ജെ.പിക്കില്ല - കെ. മുരളീധരൻ
text_fieldsAnthony's statement; BJP does not have the broad mindedness of Hinduism - K. Muralidharanതിരുവനന്തപുരം: കുറിതൊടുന്നവരെ മൃദുഹിന്ദുത്വം പറഞ്ഞ് അകറ്റിനിര്‍ത്തരുതെന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ട്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിപ്പില്ല. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ആർ.എസ്.എസിനും ബി.ജെ.പിക്കുമില്ലെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിന്റെ ഹോൾസെയിൽ ബി.ജെ.പി ഏറ്റെടുക്കേണ്ടതില്ല.
കോൺഗ്രസിനകത്ത് എല്ലാക്കാലത്തും വിശ്വാസികൾക്കും ഭൗതികവാദികൾക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ചു പോകണമെന്നാണ് പാർട്ടിയുടെ നയം. ബി.ജെ.പിയും ആർ.എസ്.എസും സമൂഹത്തെ വിഭജിക്കാൻ നോക്കുന്നു. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഭരണഘടനയിൽ നൽകിയ സംരക്ഷണം നിലനിർത്തണം. ഞാൻ ക്ഷേത്രത്തിൽ പോകും, കുറിയും തൊടും. വി.ടി. ബൽറാമിനെപ്പോലുള്ളവർ സത്യപ്രതിജ്ഞ സഗൗരവമാണ് ചെയ്യുന്നത്. ഇതിലൊരിക്കലും ലീഗ് എതിർപ്പ് പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. അതേസമയം, എ.കെ. ആന്‍റണിയെ കെ. മുരളീധരന്‍ പിന്തുണച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എതിരഭിപ്രായവുമായി രംഗത്തെത്തി. കോൺഗ്രസ് സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആകില്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.