ഷിജു ഖാനെ പിന്തുണച്ച സി.പി.എമ്മിനെതിരെ അനുപമ; ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റെന്ന്
text_fieldsതിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച സി.പി.എം നിലപാടിനെതിരെ അനുപമ. ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സംരക്ഷിക്കുന്ന നിലപാട് തെറ്റാണെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചോ ഇല്ലയോ എന്ന് ആനാവൂർ നാഗപ്പന് എങ്ങനെ പറയാൻ സാധിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചെന്ന് അതിന്‍റെ ചെയർപേഴ്സൺ തന്നെ പറഞ്ഞിട്ടുണ്ട്.
ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയ ദിവസം തന്നെയാണ് സി.പി.എം കമ്മിറ്റി ജില്ലാ ഒാഫീസിൽ നേരിട്ട് പരാതി നൽകിയത്. എന്നാൽ, ജില്ലാ സെക്രട്ടറിക്ക് കോവിഡ് ആയതിനാൽ നേരിൽ കാണാൻ സാധിച്ചില്ല. ഇതേതുടർന്ന് അദ്ദേഹത്തെ ഫോണിൽ വിളിച്ച് വിഷയം ധരിപ്പിച്ചു.
2020 ഒക്ടോബറിൽ ശിശുക്ഷേമ സമിതി പത്രപരസ്യം നൽകിയതിന് പിന്നാലെ ജനറൽ സെക്രട്ടറി ഷിജു ഖാനെ അജിത്ത് നേരിട്ടു കണ്ടിരുന്നു. എന്നാൽ, പരാതി സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. സംഭവം അറിഞ്ഞില്ലെന്ന ഷിജു ഖാന്‍റെ നിലപാടിൽ വാസ്തവമില്ലെന്ന് അനുപമ പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ ഷിജു ഖാന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിയമപ്രകാരമാണ് ഷിജു ഖാൻ കാര്യങ്ങൾ ചെയ്തത്. അനുപമയുടെ പരാതി നിയമപരമായി തീർക്കേണ്ട വിഷയമാണ്. അല്ലാതെ പാർട്ടിയിൽ തീർക്കേണ്ട വിഷയമല്ല. ഷിജു ഖാനെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
അമ്മതൊട്ടിലിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്നാണ് തനിക്ക് ലഭിച്ച വിവരം. കുഞ്ഞിനെ കടത്തികൊണ്ടു പോയി എന്ന പറഞ്ഞ അനുപമ തന്നെ കുടുംബ കോടതിയിൽ അച്ഛന്‍റെ കൈയിൽ കൊടുത്തുവിട്ടൂവെന്നാണ് പറഞ്ഞത്.
കുഞ്ഞിന്‍റെ ഫോട്ടോ അടക്കം രണ്ട് തവണ പത്ര പരസ്യം കൊടുത്തിരുന്നു. ആരും എതിർപ്പ് അറിയിച്ചിട്ടില്ല. പരാതി നൽകാൻ അനുപമയോ അജിത്തോ തയാറാകേണ്ടതായിരുന്നു. വീട്ടിൽ പൂട്ടിയിട്ടെന്നാണ് അനുപമ പറയുന്നത്. അജിത്തിനെ ആരും പൂട്ടിയിട്ടിരുന്നില്ല. കുഞ്ഞിന്‍റെ കാര്യം ചൂണ്ടിക്കാട്ടി അജിത്തിന് പരാതി നൽകാമായിരുന്നു.
കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിക്ക് അനുപമ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ പിതാവ് അജിത്തും പരാതിയുമായി എത്തിയില്ല. അനുപമയുടെ പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് എഫ്.ഐ.ആർ എടുക്കണമായിരുന്നു. കുഞ്ഞിനെ കുടുംബത്തിന് തിരികെ കിട്ടണമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.