അനുപമയുടെ ആൺകുട്ടിയെ പെൺകുട്ടിയാക്കിയത് ആര്? ആർക്കുവേണ്ടി?
text_fieldsതിരുവനന്തപുരം: നൊന്തുപെറ്റ കുഞ്ഞിനെ അനുപമയിൽ തട്ടിപ്പറിച്ചെടുത്ത് വ്യാജരേഖ ചമച്ച് ശിശുക്ഷേമ സമിതി ദത്തുനൽകിയ സംഭവത്തിൽ ഗൂഡാലോചനകളുടെ ചുരുളഴിയുന്നു. ആൺകുട്ടിയെ പെൺകുട്ടിയാക്കിയും പിന്നീട് ആൺകുട്ടിയാക്കിയും ഒടുവിൽ ആൾമാറാട്ടം നടത്തിയും ശിശുക്ഷേമ സമിതിയുടെ തലപ്പത്തുള്ളവർ നടത്തിയ ഗുരുതരമായ ക്രമക്കേടുകളാണ് വെളിച്ചത്തു വരുന്നത്.
സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റെ നിർദേശ പ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് 2020 ഒക്ടോബർ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിെൻറ മുൻവശത്തുനിന്ന് അനുപമയുടെ മാതാപിതാക്കളുടെ കൈയിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്. രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ച ആൺകുട്ടിയെ ജനറൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പെൺകുട്ടിയായി രേഖപ്പെടുത്തിയത്. ഇതിന് ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാരെയും സ്വാധീനിച്ചു.
അടുത്ത ദിവസം സമിതിയിൽനിന്ന് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായാണ് ജനറൽ സെക്രട്ടറി ഷിജുഖാൻ അറിയിച്ചത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാർഥം ഈ പേര് നൽകിയതെന്നും പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നെങ്കിലും കുട്ടിയെ തേടി അനുപമ എത്തിയാൽ സത്യം മറച്ചുവെക്കാൻ നടത്തിയ നാടകമായിരുന്നു ഇെതന്നാണ് ആക്ഷേപം. ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടതോടെ 'അബദ്ധ'മെന്ന പേരിൽ ഇദ്ദേഹം കൈയൊഴിഞ്ഞു. കുട്ടിക്ക് 'എഡ്സൺ പെലെ' എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, ഒക്ടോബർ 23ന് വൈകീട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുട്ടിക്കായിരുന്നു പെലെ എന്ന പേര് നൽകിയത്. അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്തത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിെവച്ചു.
ദത്ത് നൽകൽ നടപടിയുടെ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റ് നിയമപരമായി അവകാശികൾക്ക് ബന്ധപ്പെടാൻ പത്രപ്പരസ്യം നൽകിയെങ്കിലും സിദ്ധാർഥിെൻറ കഥകൾ അറിയാമായിരുന്ന ജനറൽ സെക്രട്ടറി ഷിജുഖാൻ സത്യം മൂടിവെച്ചു. കുഞ്ഞിെൻറ ലിംഗ നിർണയവും ഡി.എൻ.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് കൈമാറിയത്. സംഭവത്തെക്കുറിച്ച് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാെൻറ അഭിപ്രായം തേടാൻ 'മാധ്യമം' ലേഖകൻ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.
ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ അന്നു മുതൽ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കൾ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സർക്കാർ പ്ലീഡർമാരുമായും കൂടിയാലോചന നടത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇവരുടെയെല്ലാം നിർദേശപ്രകാരമാണ് ശിശുക്ഷേമസമിതിയിൽ കുട്ടിയെ ഏൽപിച്ചതത്രെ.
ആഗസ്റ്റ് ഏഴിനാണ് സിദ്ധാർഥിനെ ആന്ധ്ര സ്വദേശികളായ ഗൊല്ല രാമൻ-ഭൂമ അനുപമ ദമ്പതികൾക്ക് ദത്ത് നൽകിയത്. സാധാരണ ജനറൽ സെക്രട്ടറിയാണ് കൈമാറുന്നതെങ്കിലും ഏഴിന് ജനറൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം സമിതിയിലെ നഴ്സാണ് കുട്ടിയെ കൈമാറിയത്.
ദത്ത് കൊടുക്കുന്നതിനുമുമ്പുതന്നെ കുട്ടിയെ ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽെഫയർ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ആ പരാതി നിൽക്കെയായിരുന്നു കുട്ടിയുടെ കൈമാറ്റം. അനുപമ ശിശുക്ഷേമ സമിതിയിലെത്തിയെങ്കിലും കുട്ടിയില്ലെന്ന മറുപടിയാണ് നൽകിയത്. ഡി.എൻ.എ ഫലം ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോൾ പെലെയുടെ ഡി.എൻ.എ പരിശോധനാ ഫലം കാണിച്ച് ഇരുവരെയും ശിശുക്ഷേമ സമിതി അധികൃതർ മടക്കി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.