അനുപമയുടെ കുഞ്ഞിനെ നാളെ കേരളത്തിലെത്തിക്കാൻ സാധ്യത; ഉേദ്യാഗസ്ഥ സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു
text_fieldsതിരുവനന്തപുരം: ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥ സംഘം ആന്ധ്രാപ്രദേശിലേക്ക് യാത്ര തിരിച്ചു. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും മൂന്ന് പൊലീസുകാരുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ശനിയാഴ്ച ഏറ്റെടുത്ത് ഞായറാഴ്ച തിരികെ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ ശിശുക്ഷേമസമിതിക്ക് സി.ഡബ്ല്യു.സി ഉത്തരവ് നൽകിയിരുന്നു. ദത്ത് വിവാദം സംബന്ധിച്ച കേസ് ശനിയാഴ്ച കുടുംബകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
അതേസമയം, മാതാവ് അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലാണ്. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സർക്കാറിന് സമർപ്പിക്കും.
ശിശുക്ഷേമസമിതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെത്തേടി മാതാവ് അനുപമ എത്തിയിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് മൊഴിയുണ്ട്. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിങ് നടത്തിയിട്ടും പൊലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്പേഴ്സെൻറ നടപടിയും ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 22ലെ സിറ്റിങ് സമയത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിരുന്നെങ്കിൽ ദത്ത് തടയാമായിരുന്നുവെന്ന് അനുപമ ഉൾപ്പെടെ നിരവധിപേര്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി ദത്ത് പോയതിെൻറ നാലാം ദിവസം ശിശുക്ഷേമ സമിതിയിലും അനുപമ എത്തിയിരുന്നു. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.