അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം തിരികെയെത്തിക്കാൻ നിർദേശം; ഡി.എൻ.എ പരിശോധന നടത്തും
text_fieldsതിരുവനന്തപുരം: മാതാവറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെയെത്തിക്കാൻ നടപടി. പേരൂർക്കട സ്വദേശിനി അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ തിരിെകയെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് (സി.ഡബ്ല്യു.സി) ശിശുക്ഷേമ സമിതിക്ക് ഉത്തരവ് നൽകിയത്. അഞ്ചു ദിവസത്തിനുള്ളിൽ കുട്ടിയെ സംസ്ഥാനത്ത് എത്തിക്കാനും ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാനുമാണ് നിർദേശം. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സി.ഡബ്ല്യു.സിയുടെ നടപടി. എന്നാൽ, ഇൗ ഉത്തരവിൽ അനുപമ ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ കൊണ്ടുവരാൻ കുറ്റാരോപിതരെ ഏൽപിച്ചതിലാണ് അവരുടെ ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷൻ, വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും അനുപമ പറഞ്ഞു.
ആന്ധ്രയിലെ ദമ്പതികൾക്കാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് വിവരം. കുഞ്ഞിനെ എത്തിക്കണമെന്നും പ്രത്യേക പൊലീസ് സംഘം കുട്ടിയെ അനുഗമിക്കണമെന്നും നിർദേശമുണ്ട്. ആഗസ്റ്റിൽ ശിശുക്ഷേമസമിതിയിൽനിന്ന് ദത്ത് നൽകിയ കുട്ടി സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അവകാശവാദമുന്നയിച്ച അനുപമയുടേതെന്നാണ് സംശയിക്കുന്നത്. നാട്ടിലെത്തിച്ച ഉടൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും അതിെൻറ ഫലം സി.ഡബ്ല്യു.സിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിെൻറ പകർപ്പ് അനുപമക്കും കൈമാറിയിട്ടുണ്ട്.
എന്നാൽ, ഉത്തരവിൽ സന്തോഷമുണ്ടെന്ന് ആദ്യം പ്രതികരിച്ച അനുപമ പക്ഷേ, പിന്നീട് ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതി ജന.സെക്രട്ടറി ഷിജുഖാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ എന്നിവർക്ക് പങ്കുണ്ടെന്നാണ് അനുപമയുടെ ആരോപണം. ഇവരെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന ആവശ്യവുമായി അനുപമ ശിശുക്ഷേമ സമിതിക്കുമുന്നിൽ സമരം തുടരുകയുമാണ്.
നാട്ടിലെത്തിക്കുന്ന കുട്ടിയുടെയും അനുപമ, അജിത്ത് എന്നിവരുടെയും സാമ്പിളുകൾ ശേഖരിച്ചാകും ഡി.എൻ.എ പരിശോധന നടത്തുക. ഇൗ പരിശോധനഫലം േകസിൽ നിർണായകമാണ്. ഡി.എൻ.എ പരിശോധനക്ക് കോടതിയും നേരത്തേ അനുമതി നൽകിയിരുന്നു. സി.ഡബ്ല്യു.സി ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമീഷനും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.