അനുപമക്ക് ആശ്വാസം, ദത്ത് നടപടികൾക്ക് കോടതി സ്റ്റേ
text_fieldsതിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടികൾക്ക് തിരുവനന്തപുരം കുടുംബ കോടതിയുടെ സ്റ്റേ. കുഞ്ഞിന്‍റെ പൂര്‍ണ അവകാശം ആന്ധ്ര സ്വദേശികൾക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയിൽ പുരോഗമിക്കുന്ന നടപടികളാണ് താൽകാലികമായി സ്റ്റേ ചെയ്തത്. വിഷയത്തിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയോട് കോടതി ചോദിച്ചു. ഈ വിഷയത്തിൽ ശിശുക്ഷേമ സമിതി വിശദീകരിക്കണമെന്നും കുടുംബ കോടതി നിർദേശിച്ചു. കേസിൽ കക്ഷി ചേരുന്നത് അടക്കമുള്ള അനുപമയുടെ അപേക്ഷ നവംബർ ഒന്നിന് കോടതി പരിഗണിക്കും.
കുഞ്ഞിനെ ദത്ത് നൽകിയത് സംബന്ധിച്ച് ഒരു തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചത്. ദത്ത് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നതായും അഭിഭാഷകൻ അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ടുവെച്ചത്.
കുഞ്ഞിന്‍റെ പൂര്‍ണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ആന്ധ്രാ ദമ്പതികള്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കിയത്.
അതേസമയം, സംഭവത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാർ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോർജിനും പരാതി നൽകി. കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായി കത്തിൽ പറയുന്നു.നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സുനന്ദയും ചേർന്നാണ്. പ്രശ്നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്.
2020 ഒക്ടോബർ 22ന് അർധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിെൻറ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല.
ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന് ഒക്ടോബർ 22ന് രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാർത്തകളും നൽകി.
23ന് വെള്ളിയാഴ്ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റെ ദിവസം ആൺ-പെൺ വിവാദം വന്നപ്പോൾ തൈക്കാട് ആശുപത്രിയിൽ പോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഒാഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാൻ നൽകിയത്.
അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാെൻറ അടുത്തുവന്നപ്പോൾ ധിറുതിപ്പെട്ട് കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയെന്ന് പാർട്ടിയും സർക്കാറും അന്വേഷിക്കണം. കുഞ്ഞിെൻറ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു. എല്ലാം നിയമപരമായാണ് ചെയ്തെന്നായിരുന്നു ഷിജു ഖാന്‍റെ പ്രതികരണം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറു പ്രതികള്‍ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.