
'ഞാൻ ചെയ്തത് ഏതൊരു അച്ഛനും ചെയ്യുന്നത്'; അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ സംസാരിക്കുന്നു
text_fieldsകുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ദത്ത് നൽകിയ സംഭവത്തിൽ മകൾ അനുപമയുടെയും ഭർത്താവിന്റെയും ആരോപണങ്ങൾക്ക് പി.എസ്. ജയചന്ദ്രന്റെ മറുപടി. മകളുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നും കുഞ്ഞിനെ കൈമാറുമ്പോൾ അവർ ഒപ്പമുണ്ടായിരുന്നതായും സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുന്നു
സെപ്റ്റംബർ 22ന് രാത്രി ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമയെ കാറിലിരുത്തിയ ശേഷമാണ് ഞാനും ഭാര്യയും സുഹൃത്തും ചേർന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് നൽകുന്നത്. കുട്ടിയെ ജീവനക്കാർ കൊണ്ടുപോയശേഷം ഞങ്ങൾ മടങ്ങി.
അനുപമക്ക് കുഞ്ഞുണ്ടായപ്പോള്‍ അജിത്ത് വിവാഹമോചനത്തിന് നടപടി തുടങ്ങിയിരുന്നില്ല. അനുപമയെയും കുഞ്ഞിനെയും സ്വീകരിക്കാനും ഒരുക്കമായിരുന്നില്ല. ആ അവസരത്തില്‍ കുഞ്ഞിനെ ഉത്തരവാദിത്തപ്പെട്ട നിയമസംവിധാനത്തില്‍ ഏല്‍പ്പിക്കുക മാത്രമായിരുന്നു പോംവഴി. അനുപമക്ക് കോവിഡ് ആയതിനാലാണ് ജഗതിയിൽ ഒരു വീട്ടിൽ താമസിപ്പിച്ചത്. ക്വാറൻറീൻ പൂർത്തിയായ ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.
അയാൾ പ്രണയിച്ചത് പണത്തിനുവേണ്ടി
ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഞാന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്. സ്വന്തം സുഹൃത്തിെൻറ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത്ത് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം വിവാഹം ചെയ്തത്. ഒമ്പതുവര്‍ഷത്തോളം അവർക്കൊപ്പം ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്. ഇങ്ങനെയൊരാൾ നമ്പൂതിരിയോ നായരോ ആകട്ടെ, നിങ്ങളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചുകൊടുക്കുമോ? 21 വയസ്സുകാരിയായ എെൻറ മകളെ പണത്തിന് വേണ്ടി മാത്രമാണ് അയാൾ പ്രണയിച്ചത്.
ചിലർ പറയുന്നുണ്ട്, കുഞ്ഞിനെയും മകളെയും സംരക്ഷിക്കണമായിരുന്നെന്ന്. അപ്പോൾ വിവാഹം ഉറപ്പിച്ച മൂത്തമകളുടെ ജീവിതം എന്താകും. ഗർഭിണിയായ എട്ടാം മാസത്തിൽ അനുപമ അജിത്തിനൊപ്പം താമസിക്കാൻ വീടുവിട്ടിറങ്ങിപ്പോയിരുന്നു. എന്നാൽ കുടുംബമായി ജീവിക്കുകയാണെന്ന് പറഞ്ഞ് അജിത്ത് മടക്കി വിട്ടു. അന്നാണ് അനുപമ ഗർഭിണിയാണെന്ന വിവരം ഞങ്ങൾ അറിഞ്ഞത്. അജിത്തിനൊപ്പം പറഞ്ഞുവിടാൻ ഞങ്ങൾ തീരുമാനിച്ചപ്പോഴും അയാൾ സ്വീകരിച്ചില്ല. അപ്പോൾ എനിക്ക് മുന്നിലുണ്ടായിരുന്നത് എെൻറ മകളുടെ ജീവിതം, കുടുംബത്തിെൻറ അഭിമാനം, ഒരു പിഞ്ചുകുഞ്ഞിെൻറ സംരക്ഷണം ഇതു മാത്രമായിരുന്നു. അല്ലാതെ എന്താണ് പിന്നെ ചെയ്യാൻ കഴിയുകയെന്ന് ഈ സമൂഹം പറയണം. ആ കുഞ്ഞിനെ ഞാൻ കൊന്നില്ല, വഴിയിൽ ഉപേക്ഷിച്ചില്ല. പകരം സർക്കാറിനെ ഏൽപ്പിച്ചു.
അവർക്കെെൻറ രക്തം വേണം; പാർട്ടിയെ അപമാനിക്കണം
അജിത്തിെൻറ മുൻഭാര്യയെ ഞാനാണ് ഇപ്പോൾ രംഗത്തിറക്കിയതെന്നാണ് ആരോപണം. എനിക്കതിെൻറ ആവശ്യമില്ല. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുമ്പോൾ അനുപമ പറഞ്ഞ നിബന്ധന അനുസരിച്ചാണ് സമ്മതപത്രം തയാറാക്കിയത്. 'വിവാഹമോചിതനായി കുട്ടിയുടെ പിതാവ് വരുന്ന അവസരം ഞങ്ങൾ വിവാഹിതരായി കുട്ടിയെ ശിശുക്ഷേമ സമിതിയിൽ നിന്ന് ഏറ്റെടുത്തുകൊള്ളാം.
അതിനുള്ള പരിപൂർണ അവകാശം തനിക്ക് മാത്രമാണെന്നു'മാണ് നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രത്തിലുള്ളത്. എന്തുകൊണ്ട് എട്ടുമാസമായി അവർ കുട്ടിക്ക് വേണ്ടി നിയമപരമായി നീങ്ങിയില്ല?. അജിത്തിനൊപ്പം ജീവിച്ച് തുടങ്ങിയപ്പോൾ തന്നെ പൊലീസിൽ പരാതി നൽകുകയല്ല, നിയമപരമായി കുഞ്ഞിനെ നേടാനാണ് ശ്രമിക്കേണ്ടതെന്ന് അനുപമയോട് പറഞ്ഞതാണ്. നിയമപരമായി പോകാൻ അന്ന് താൽപര്യമില്ലായിരുന്നു. പകരം അവർക്ക് വേണ്ടത് എെൻറ രക്തമായിരുന്നു. പാർട്ടിയെ അപമാനപ്പെടുത്തുകയായിരുന്നു. അതാണ് കഴിഞ്ഞ നാലഞ്ച് ദിവസമായി പുറത്തുവരുന്നത്. ഇപ്പോൾ കുട്ടിയെ ലഭിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
എന്നെ അറസ്റ്റ് ചെയ്യുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയുമാണ് ഇപ്പോൾ ആവശ്യം. എന്തെങ്കിലും കുറ്റം ചെയ്തെങ്കിൽ അല്ലേ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട ആവശ്യമുള്ളൂ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. വിവാഹത്തിന് മുമ്പ് അമ്മയായ മകളുള്ള ഏതൊരു അച്ഛനും ചെയ്യുന്നതെന്തോ, അതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.