അനുവിൻെറ ആത്മഹത്യ: ഒന്നാം പ്രതി മുഖ്യമന്ത്രി -ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടർന്ന് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. പി.എസ്.സി ചെയർമാനും പി.എസ്.സിയുമാണ് കൂട്ടുപ്രതി.
നിരവധി ഒഴിവുണ്ടായിട്ടും സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടിക റദ്ദാക്കിയതിന് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പി.എസ്.സിയുടെ രാഷ്ട്രീയ നിലപാടുമാണ് കാരണം. പുതിയ ലിസ്റ്റ് പോലുമില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള ലിസ്റ്റിൻെറ കാലാവധി നീട്ടുന്നതിന് എന്തായിരുന്നു തടസ്സമെന്ന് വ്യക്തമാക്കണം. അനുവിൻെറ മരണത്തിൽ യുവജന വഞ്ചനക്കെതിരെ തിങ്കളാഴ്ച തിരുവോണനാളിൽ പി.എസ്.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തും -ഷാഫി പറമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലിസ്റ്റിലെ നാലോ അഞ്ചോപേർക്ക് കൂടി തൊഴിൽ നൽകിയിരുന്നെങ്കിൽ അനുവിൻെറ ജീവൻ രക്ഷിക്കാമായിരുന്നു. ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ച പി.എസ്.സി ചെയർമാൻ, സ്വപ്ന സുരേഷിന് ഏത് ബക്കറ്റിൽനിന്നാണ് തൊഴിൽ എടുത്തു കൊടുത്തതെന്ന് വ്യക്തമാക്കണം. ചെറുപ്പക്കാരെ അധിക്ഷേപിക്കുകയും അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത സർക്കാരും പി.എസ്.സിയും തന്നെയാണ് അനുവിൻെറ മരണത്തിനുത്തരവാദി.
യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയേക്കാൾ ശമ്പളം, യോഗ്യതയുള്ളവർക്ക് ഒരു മുളം കയർ എന്നതാണോ സംസ്ഥാന സർക്കാരിൻെറ നിലപാട്. വ്യാജരേഖ സമർപ്പിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷൻ ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണം. എന്ത് യോഗ്യതയാണ് ആ പദവിയിലിരിക്കാൻ മനോജ് കുമാറിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനുവിന് യോഗ്യത ഉണ്ടായിട്ടും ജോലി നൽകിയില്ല. എന്നാൽ ബാലാവകാശ കമ്മീഷനിൽ ഒരു യോഗ്യതയും ഇല്ലാത്ത വ്യക്തിക്ക് നിയമനം നൽകി. ബാർ കൗൺസിലിൽ അച്ചടക്ക നടപടി നേരിട്ടയാളാണയാൾ. ബാലവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തുള്ള ഇദ്ദേഹത്തിന് അഭിഭാഷകനായി തുടരാൻ പോലും അർഹതയില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.