എൽ.ഡി.എഫിൽ കലാപക്കൊടി ഉയർത്തി അൻവർ ജയിലിൽ; ഇനി യു.ഡി.എഫിലേക്കോ? ...
text_fieldsകോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായനായ പിണറായി വിജയനും ഭരണകക്ഷിയായ സി.പി.എമ്മിനുമെതിരെ കലാപക്കൊടി ഉയർത്തി എൽ.ഡി.എഫിൽ നിന്ന് പുറത്തായ പി.വി. അൻവർ എം.എൽ.എ യു.ഡി.എഫിലേക്കെന്നു സൂചന.
കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി അനുകൂല സാഹചര്യം വീണുകിട്ടിയ അൻവറിനെ കോൺഗ്രസ്-ലീഗ് നേതാക്കൾ പിന്തുണക്കുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത്. തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഫോണില്‍ സംസാരിച്ചു.
അദ്ദേഹത്തിന്റെ യു.ഡി.എഫ് പ്രവേശനം അടക്കമുള്ള വിഷയം ചർച്ച ചെയ്യാൻ കെ.പി.സി.സി അടിയന്തര യോഗം ഈ മാസം 12ന് ഇന്ദിരാഭവനില്‍ ചേരും. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് പ്രസിഡൻറ് കെ. സുധാകരൻ കെ.പി.സി.സി അംഗങ്ങൾക്ക് കത്തു നൽകി. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ചും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.
കേരള രാഷ്ട്രീയത്തിൽ തികച്ചും അപ്രസക്തനായിക്കൊണ്ടിരിക്കേ അൻവറിനു കിട്ടിയ പിടിവള്ളിയായി പൊലീസ് അറസ്റ്റ്. നിലമ്പൂരിൽ അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് അൻവർ അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി.വി. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തതിൽ പി.വി. അന്‍വറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ കേസ് അന്‍വറിന് സ്വീകാര്യത ഉണ്ടക്കിയതായാണ് വിലയിരുത്തൽ.
നേരത്തേ, രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ മുന്നണിയിൽ എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അൻവറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായം യു.ഡി.എഫില്‍ രൂപപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.