ആഭ്യന്തര വകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കി അൻവർ
text_fieldsമലപ്പുറം: ആഭ്യന്തര വകുപ്പിനെയും സർക്കാറിനെയും കൂടുതൽ പ്രതിരോധത്തിലാക്കി വീണ്ടും പി.വി. അൻവർ എം.എൽ.എയുടെ തുറന്നുപറച്ചിൽ. എ.ഡി.ജി.പി അജിത് കുമാറിനെതിരെ അതിരൂക്ഷവിമർശനവും അഴിമതിയാരോപണവും ഉന്നയിച്ച ഭരണകക്ഷി എം.എൽ.എ എന്തുകൊണ്ട് സർക്കാറിനിത് മനസ്സിലാവുന്നില്ലെന്നും പരസ്യമായി ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി രംഗത്തുവന്ന അൻവർ ആഭ്യന്തര വകുപ്പിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന വിമർശനങ്ങളാണ് ഇന്നലെ നടത്തിയത്. പ്രതികരിക്കാൻ വേറെ വഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സർക്കാറിനെതിരെ നിരന്തരം കള്ളവാർത്തകൾ പടച്ചുവിടുന്ന യൂട്യൂബറെ രക്ഷിക്കുന്ന എ.ഡി.ജി.പി സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും മുഖ്യശത്രുവാണ്. യൂട്യൂബറെ എന്തിന് അജിത്കുമാർ സഹായിച്ചു. 14 വർഷം ശിക്ഷ ലഭിക്കാവുന്ന കേസിൽനിന്ന് അദ്ദേഹത്തെ സഹായിക്കുന്ന രീതിയിൽ കേസ് കൈകാര്യംചെയ്തത് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി സർക്കാറിനില്ലേയെന്നായിരുന്നു അൻവറിന്റെ ചോദ്യം.
അൻവറിനെ പിന്തുണച്ചുകൊണ്ട് മറ്റൊരു ഭരണപക്ഷ എം.എൽ.എയായ കെ.ടി. ജലീൽ രംഗത്തുവന്നതും ശ്രദ്ധേയമായി. ഉയർന്ന പൊലീസ് ഓഫിസർമാർക്ക് കത്തിയും കഴുത്തും കൈയിൽ വെച്ചുകൊടുത്താൽ അവരതുകൊണ്ട് നാട് നന്നാക്കുകയല്ല, സ്വന്തംവീട് നന്നാക്കുകയാണ് ചെയ്യുക എന്നായിരുന്നു ജലീലിന്റെ പരാമർശം. രണ്ടും കൽപിച്ചിറങ്ങിയ അൻവർ കൂടുതൽ വെളിപ്പെടുത്തലുകൾ വരുംദിവസങ്ങളിൽ നടത്തുമെന്നാണ് സൂചന. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള വിവാദ ഫോൺ സംഭാഷണങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നുണ്ട്. പൊതുപ്രവർത്തനംതന്നെ അവസാനിപ്പിക്കുകയാണെന്ന സൂചനയും അൻവർ നൽകുന്നുണ്ട്. അദ്ദേഹം കളം മാറി കോൺഗ്രസിലേക്ക് കൂടുമാറുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെയും വി.വി. പ്രകാശിനെയും തോൽപിച്ചാണ് രണ്ടു തവണ അൻവർ എം.എൽ.എയായത്. സി.പി.എമ്മിനെ സംബന്ധിച്ച് അൻവറിന് പകരക്കാരൻ നിലമ്പൂരിലില്ല. പ്രാദേശിക സി.പി.എം നേതൃത്വം അൻവറിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.