'നിലത്തിരിക്കേണ്ട, സഭയിൽ 250 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്'; അൻവറിന് മറുപടിയുമായി സ്പീക്കർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ തുറന്നപോര് തുടരുന്ന പി.വി.അൻവർ എം.എൽ.എ, നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ എവിടെ ഇരിക്കും എന്നതാണ് ചർച്ച വിഷയം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്വീകാര്യനാകാതെ വന്നതോടെ താൻ ഇനി നിലത്തിരിക്കേണ്ടിവരുമെന്ന് അൻവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോൾ, നിയമസഭയിലെ തങ്ങളുടെ ബ്ലോക്കില്‍ നിന്നും അൻവറിനെ ഒഴിവാക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്ത് നല്‍കുകയും ചെയ്തു.
അൻവർ നിലത്തിരിക്കേണ്ടിവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സ്പീക്കർ സരസമായി പ്രതികരിക്കുകയും ചെയ്തു. സഭയിൽ 250 പേർക്ക് ഇരിക്കാനുള്ള സീറ്റുണ്ടെന്നാണ് കരുതുന്നത്. അപ്പോൾ എന്തിന് നിലത്തിരിക്കണമെന്നാണ് സ്പീക്കറുടെ മറുപടി.
അന്‍വറിന്റെ ആരോപണങ്ങളിലും ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ മനപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
നാളെ ആരംഭിക്കുന്നത് 12-ാം സമ്മേളനമാണ്. നാളെ വയനാട്, കോഴിക്കോട് ജില്ലകളില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.