അൻവർ എം.എൽ.എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈകോടതി. കൂടുതല്‍ സാവകാശം തേടി താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി തള്ളി.
ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിട്ടു. അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ല വിവരാവാകാശ കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി സമർപ്പിച്ച കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ ഷാജി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ എട്ടുമാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കോടതിയലക്ഷ്യ ഹരജി നല്‍കുകയായിരുന്നു.
മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.