വിവാദ തടയണ: നടപടി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യപിതാവിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച തടയണയിൽനിന്ന് വെള്ളമൊഴുക്കി കളയാൻ സർക്കാർ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിെൻറ അടിസ്ഥാനത്തിൽ ആരുടെ നേതൃത്വത്തിൽ എപ്പോഴാണ് വെള്ളം ഒഴുക്കിക്കളഞ്ഞത് എന്നതുൾപ്പെടെ കാര്യങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കാനാണ് നിർദേശം.മലപ്പുറത്തെ കക്കാടം പൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടർ തീം പാർക്കും അനധികൃതമായാണ് നിർമിച്ചതെന്നും ഇവ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ് ജൂലൈ പത്തിന് കോടതിയുടെ ഇടക്കാല നിർദേശമുണ്ടായത്.
വിവാദ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം ജില്ല കലക്ടർ 2017 ഡിസംബർ 12ന് പുറപ്പെടുവിച്ച ഉത്തരവ് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയിൽ സ്റ്റേ ചെയ്തിരുന്നു. ഇതിനിടെയാണ് വാട്ടർ തീം പാർക്കും തടയണയും പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയത്. ഒട്ടേറെപ്പേരുടെ കുടിവെള്ള സ്രോതസ്സായ അരുവി തടഞ്ഞു നിർത്തിയാണ് തടയണ നിർമിച്ചതെന്നും ഇതിനുതാഴെ വാട്ടർ തീം പാർക്ക് നിർമിച്ചത് പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തടയണയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട ഭീഷണിയുയർത്തുന്നതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഇടക്കാല കോടതി ഉത്തരവുണ്ടായത്. വെള്ളം നീക്കം ചെയ്യാൻ തയാറാണെന്ന് ഉടമയും കോടതിയെ അറിയിച്ചു. വെള്ളം ഒഴുക്കിക്കളയുന്നുണ്ടെന്ന് കലക്ടർ ഉറപ്പ് വരുത്തണമെന്നും മേൽനോട്ടത്തിന് സാേങ്കതിക വിദഗ്ധരടക്കം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ, തടയണയിൽനിന്ന് വെള്ളമൊഴുക്കിക്കളഞ്ഞിട്ടില്ലെന്ന് ഹരജിക്കാരൻ വീണ്ടും കോടതി മുമ്പാകെ പരാതിപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.